പതിനാലാം നൂറ്റാണ്ടിലെ പ്ലേഗ് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്തു. കോടിക്കണക്കിന് എന്നും പറയുന്നുണ്ട്. എന്തായാലും ലക്ഷക്കണക്കിന് എന്നതിൽ സംശയമൊന്നുമില്ല. ‘കറുത്ത മരണം’ എന്നു വിളിച്ച ആ മഹാമാരിക്കു മുന്നിൽ മനുഷ്യൻ പകച്ചുനിന്നു; നിസ്സഹായനായി. അത് എങ്ങനെ വന്നു എന്നറിയാതെ. അതിനു പ്രതിവിധിയെന്ത് എന്നറിയാതെ…

ഓരോ കാലത്തും ഓരോ മഹാമാരി വരുന്നു. ഒന്നിന്റെ വഴികൾ നമ്മൾ തിരിച്ചറിയുകയും അതിനു പ്രതിവിധി കണ്ടെത്തുകയും ചെയ്യുമ്പോൾ മറ്റൊന്നു വരുന്നു. ‘ശാസ്ത്രം ജയിച്ചു’ എന്നു നമ്മൾ പറയുന്നതിന്റെ അർഥത്തിന് അവിടെ പൂർത്തീകരണമില്ലാതെയാകുന്നു. ഓരോന്നിൽ ജയിക്കുമ്പോൾ പുതിയ വെല്ലുവിളികൾ ശാസ്ത്രത്തിന്റെ മുന്നിൽ വരുന്നു.

ആക്സൽ മുന്തെയുടെ ആത്മകഥയിൽ, അദ്ദേഹം ജോലി ചെയ്തിരുന്ന ആശുപത്രിയിൽ പേപ്പട്ടിവിഷം ബാധിച്ച ഒരു പറ്റം മനുഷ്യരെ അകലെ ഗ്രാമത്തിൽനിന്നു കൊണ്ടുവരുന്ന കഥ പറയുന്നുണ്ട്. അവരെ സെല്ലിലടച്ചു. രാത്രി മുഴുവൻ അവിടെ ബഹളവും നിലവിളിയുമായിരുന്നു. നേരം പുലർന്നപ്പോൾ എല്ലാം ശാന്തം. അതിനർഥം ഇത്രയേയുള്ളൂ – രാത്രിയിൽ കുത്തിവയ്പുകളിലൂടെ അവരെയെല്ലാം കൊന്നുകളഞ്ഞു! ഒരു പ്രതിവിധി കണ്ടെത്തുംവരെ അങ്ങനെയും ചെയ്യാൻ മനുഷ്യൻ വിധിക്കപ്പെട്ടുപോകുന്നു. ഇന്നിപ്പോൾ പേവിഷം നമ്മുടെ നിയന്ത്രണത്തിലാണ്. ക്ഷയത്തിനും വസൂരിക്കും ഇന്നു നമ്മുടെ കയ്യിൽ പ്രതിവിധിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here