ബാറ്റിങ്ങില്‍ രോഹിത് ശര്‍മ്മയും ബൗളിംഗില്‍ ജസ്പ്രിത് ബുംറയും തിളങ്ങിയ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. 49 റണ്‍സിനാണ് മുംബൈ കൊല്‍ക്കത്തയെ വീഴ്ത്തിയത്. ഐപിഎല്‍ 2020ല്‍ മുംബൈയുടെ ആദ്യ ജയമാണിത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയോട് തോറ്റ മുംബൈയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ് കൊല്‍ക്കത്തയ്ക്കെതിരായ ജയം.

മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇന്നിംഗ്സ് 20 ഓവറില്‍ ഒമ്ബതിന് 146 റണ്‍സിന് അവസാനിക്കുകയായിരുന്നു. 30 റണ്‍സെടുത്ത നായകന്‍ ദിനേഷ് കാര്‍ത്തിക്കിന് മാത്രമാണ് മുംബൈ ബൌളിംഗിന് മുന്നില്‍ അല്‍പ്പമെങ്കിലും ചെറുത്തുനില്‍ക്കാനായത്. ഇന്ത്യന്‍ താരം ജസ്പ്രിത് ബുംറ ഓവറില്‍ റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ട്രെന്‍റ് ബോള്‍ട്ടും രണ്ടു വിക്കറ്റ് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്നെങ്കിലും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച സ്കോറാണ് മുംബൈ ഇന്ത്യന്‍സ് പടുത്തുയര്‍ത്തിയത്. നായകന്‍ രോഹിത് ശര്‍മ്മ മുന്നില്‍നിന്ന് നയിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ചിന് 195 റണ്‍സെടുത്തു. 54 പന്ത് നേരിട്ട രോഹിത് ശര്‍മ്മ 80 റണ്‍സാണ് നേടിയത്. മൂന്നു ബൌണ്ടറികളും ആറു സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്‍റെ ഇന്നിംഗ്സ്.

ഓപ്പണറായി ക്രീസിലെത്തിയ രോഹിത് ശര്‍മ്മയുടെ ബാറ്റിന്‍റെ ചൂടറിയാത്ത ഒരു ബൌളറും കൊല്‍ക്കത്ത നിരയില്‍ ഇല്ല. മലയാളി താരം സന്ദീപ് വാര്യരാണ് കൊല്‍ക്കത്തയ്ക്കുവേണ്ടി ആദ്യ പന്തെറിഞ്ഞത്. എന്നാല്‍ ആദ്യ മൂന്ന് ഓവറില്‍ 34 റണ്‍സാണ് സന്ദീപ് വാര്യര്‍ വഴങ്ങിയത്. ഒരു റണ്‍സെടുത്ത ക്വിന്‍റണ്‍ ഡി കോക്കിനെ ആദ്യം തന്നെ നഷ്ടമായെങ്കിലും സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ചാണ് രോഹിത് ശര്‍മ്മ മുംബൈ ഇന്നിംഗ്സിനെ നയിച്ചത്. 47 റണ്‍സെടുത്താണ് യാദവ് പുറത്തായത്. രോഹിത-യാദവ് സഖ്യം രണ്ടാം വിക്കറ്റില്‍ 90 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സൌരഭ് തിവാരി 21 റണ്‍സെടുത്ത് പുറത്തായി. ഹര്‍ദിക് പാണ്ഡ്യ 18 റണ്‍സെടുത്തു. 13 റണ്‍സെടുത്ത് പുറത്താകാതെ നിന്നു കൊല്‍ക്കത്തയ്ക്കുവേണ്ടി ശിവം മാവി രണ്ടു വിക്കറ്റെടുത്തു.

ഈ ജയത്തോടെ മുംബൈ ഇന്ത്യന്‍സിന് രണ്ടു പോയിന്‍റായി. സീസണിലെ ആദ്യ മത്സരം തന്നെ തോല്‍വിയോടെ തുടങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പോയിന്‍റ് ഒന്നുമില്ല. സണ്‍റൈസേവ്സ് ഹൈദരാബാദിനെതിരെ സെപ്റ്റംബര്‍ 26നാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെതിരെ സെപ്റ്റംബര്‍ 28നാണ് മുംബൈ ഇന്ത്യന്‍സിന്‍റെ അടുത്ത കളി.

LEAVE A REPLY

Please enter your comment!
Please enter your name here