എക്സ്പോയിൽ പവിലിയനുള്ളിൽ സ്ഥിരം മഴ പെയ്യിച്ച് അമ്പരപ്പിക്കുകയാണ് നെതർലൻഡ്. നമ്മുടെ കുട്ടനാടും നെതർലൻഡും തമ്മിൽ ഒരു സാമ്യവുമുണ്ട്. രണ്ടും സമുദ്രനിരപ്പിൽ നിന്ന് താഴെയാണ്. ആറു മീറ്റർ താഴെയാണ് നെതർലൻഡ്. ബയോടോപ് എന്ന തങ്ങളുടെ കണ്ടുപിടുത്തം ലോകത്തിന് ഉപകാരപ്പെടുന്നതെങ്ങനെയെന്ന് വ്യക്തമാക്കുകയാണ് പവിലിയൻ.

വെർട്ടിക്കൽ കൃഷി പോലെ തോന്നുന്ന ഇതിലൂടെ സുസ്ഥിരത കൈവരിക്കേണ്ടതെങ്ങനെ എന്ന് കാണിച്ചു തരിക കൂടിയാണ് അവർ. ഇരുമ്പു കൂടാരമെന്ന് പുറമേ തോന്നുമെങ്കിലും ഉള്ളിൽ കോൺ ആകൃതിയിൽ കൂറ്റൻ കൃഷിയിടം ഒരുക്കിയിട്ടുണ്ട് പവിലിയനിൽ. ജലം, ഊർജം, ഭക്ഷണം ഇവ ചാക്രീകമായി എങ്ങനെ ബന്ധപ്പെടുത്തി ഉപയോഗിക്കാം എന്നാണ് ഇതിലൂടെ തെളിയിക്കുന്നത്.

ബായിൽ നിന്നു തന്നെ വാങ്ങിയ ഇരുമ്പ് തകിടുകൾ ഉപയോഗിച്ചാണ് പവിലിയൻ നിർമിച്ചിരിക്കുന്നത്. മടങ്ങിപ്പോകുമ്പോൾ ഇത് തിരികെ നൽകിയിട്ടു പോകും. പവിലിയനിലേക്കുള്ള വഴിയിൽ വിരിച്ചിരിക്കുന്നത് കല്ലുകൾ പോലെയുള്ള മൈസീലിയം എന്ന വസ്തുവാണ്. ഇതു ക്രമേണ മണ്ണിൽ അലിഞ്ഞു ചേരും. പവിലിയനിൽ വിരിച്ചിരിക്കുന്ന തുണികളെല്ലാം ചോളപ്പശയിൽ നിന്ന് സംസ്കരിച്ചെടുത്ത പദാർഥം കൊണ്ടാണ്. അതും പ്രകൃതിക്കു ദോഷമുണ്ടാക്കില്ല.

നെതർലൻഡിലെ പുൽമേടുകളുടെയും പശുക്കളുടെയുമെല്ലാം “”ഫീൽ”” തരുന്ന രീതിയിലാണ് പവിലിയനിലേക്കുള്ള വഴിയും ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് കയ്യിൽ ഒരു കുട കൂടി തന്നാണ് പവിലിയനിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇതെന്തിനാണെന്ന് ആലോചിക്കുമ്പോഴേക്കും കോൺ ആകൃതിയിൽ ഉള്ളിൽ ഒരുക്കിയിരിക്കുന്ന കൂറ്റൻ വെർട്ടിക്കൽ ഗാർഡനിലേക്കു കടത്തിവിടും. അവിടെ നിവർത്തിപ്പിടിച്ച കുടയിലാണ് ദൃശ്യങ്ങൾ വീഴുക. കുടയിലെ തുണിയിൽ ചെടിയും ജലവും ഊർജവുമെല്ലാം തെളിയും. ഇതിന്റെയെല്ലാം സൂക്ഷ്മമമായ വിനിയോഗത്തിന്റെ പ്രാധാന്യം വ്യക്തമാകും.

LEAVE A REPLY

Please enter your comment!
Please enter your name here