ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 508 പുതിയ കോവിഡ് കേസുകൾ, 13 മരണങ്ങൾ. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 4,789 ആയി. 124 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചതെന്നും കേന്ദ്ര സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. അതേസമയം തിങ്കളാഴ്ചത്തെ കണക്കുകൾ നോക്കിയാൽ രോഗികളുടെ എണ്ണം ചൊവ്വാഴ്ച കുറവാണ്. തിങ്കളാഴ്ച 704 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

ബിഹാറിലെ കോവിഡ് ബാധിതരുടെ എണ്ണം ചൊവ്വാഴ്ച 34 ആയി. ഡൽഹിയിൽ നിസാമുദ്ദീൻ സമ്മേളനത്തിന് ശേഷം തിരിച്ചെത്തിയ 50–60 പേര്‍ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത്, ഒളിച്ചിരിക്കുകയാണെന്നു മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് തിരച്ചിൽ നടത്തുന്നതായും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത രണ്ടു പേരെ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ലെന്ന് ഉത്തരാഖണ്ഡ് പൊലീസ് എഡിജി അശോക് കുമാര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎൻഐയോടു പറഞ്ഞു. ഇവർക്കെതിരെ പൊലീസ് കേസെടുത്തു.

മഹാരാഷ്ട്രയിൽ ഇന്ന് 150 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1,018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. മുംബൈയിൽ മാത്രം ഇന്ന് 100 പേർക്ക് രോഗം ബാധിച്ചു. ഇന്ന് മരിച്ച അഞ്ചു പേരുൾപ്പെടെ മുംബൈയിലെ കോവിഡ് മരണങ്ങൾ 40 ആയി. മഹാരാഷ്ട്രയില്‍ ആകെ 64 പേർ മരിച്ചു. ഗോവയിൽ ഇന്നു പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. 7 പേർക്കാണ് ഗോവയിൽ കോവിഡ് രോഗം ബാധിച്ചത്. ജമ്മു കശ്മീരിൽ രോഗം ബാധിച്ചവരുടെ എണ്ണം 125 ആയി. ഗുജറാത്തിൽ ചൊവ്വാഴ്ച 19 പേരിൽ വൈറസ് ബാധ കണ്ടെത്തി. രണ്ട് പേർ മരിച്ചു. ഗുജറാത്തിലെ ആകെ രോഗികളുടെ എണ്ണം 175 ആയതായി ആരോഗ്യ വിഭാഗം പ്രിന്‍സിപ്പൽ സെക്രട്ടറി ജയന്തി രവി പ്രതികരിച്ചു.

തമിഴ്നാട്ടിൽനിന്ന് ഡൽഹിയിലെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ 63 പേരിൽ വൈറസ് ബാധ കണ്ടെത്തി. ഇന്ന് 69 പേർക്കാണ് തമിഴ്നാട്ടിൽ ആകെ രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 690 ആയി. ഇതിൽ 636 പേർ തബ്‍ലീഗ് സമ്മേളനത്തിന് പോയിവന്നവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here