ഖത്തറിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകും. വാക്‌സീൻ എടുക്കാത്തവർക്ക് ഇളവുകളില്ല. രാജ്യത്ത് ഒമിക്രോൺ ശക്തി പ്രാപിച്ചതോടെയാണ് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

സർക്കാർ, സ്വകാര്യ മേഖലയിൽ ജീവനക്കാർക്ക് ഓഫിസിലെത്തിയുള്ള ജോലിയിൽ മാറ്റമില്ല. കോവിഡ് വാക്‌സീൻ രണ്ടു ഡോസും പൂർത്തിയാക്കിയവർക്ക് മാത്രമാണ് എല്ലായിടങ്ങളിലും ഇളവുകളുള്ളത്. നിലവിലെ മറ്റ് നിയന്ത്രണങ്ങൾക്കൊപ്പമാണ് പുതിയ നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകുന്നത്.

സർക്കാർ, സ്വകാര്യ മേഖലയിൽ വാക്‌സിനെടുക്കാത്ത ജീവനക്കാർക്ക് പ്രതിവാര റാപ്പിഡ് ആന്റിജൻ പരിശോധന തുടരും. ഓഫീസ് യോഗങ്ങളിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ പരമാവധി 15 പേർക്ക് പങ്കെടുക്കാം. പള്ളികളിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല. പ്രതിദിന പ്രാർഥനകളും വെളളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരവും തുടരും. വീടുകളിലും മജ്‌ലിസുകളിലും അകത്ത് കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ 10 പേർക്കും പുറത്ത് 15 പേർക്കും ഒത്തുചേരാം. ഒരേ വീട്ടിലെ അംഗങ്ങൾക്ക് വ്യവസ്ഥ ബാധകമല്ല.

ഹോട്ടലുകളിലും ഹാളുകളിലും നടത്തുന്ന വിവാഹങ്ങളിൽ വാക്‌സിനെടുത്ത 40 പേരെ പാടുള്ളു. പുറം വേദികളിൽ 80 പേർക്കും അനുമതി. പബ്ലിക് പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ പരമാവധി 15 പേർക്കും ഒരേ കുടുംബത്തിലെ അംഗങ്ങൾക്കും ഒത്തുകൂടാം. പാർക്കുകളിലെ കളിക്കളങ്ങളും വ്യായാമത്തിനുള്ള ഉപകരണങ്ങളും പ്രവർത്തിക്കും. നടത്തം, ഓട്ടം, സൈക്കിൾ സവാരി എന്നിവക്കും അനുമതി.

ബസുകളിൽ 60 ശതമാനം ശേഷിയിൽ കൂടാൻ പാടില്ല. ദോഹ മെട്രോയ്ക്കും കർവ ബസുകൾക്കും 60 ശതമാനം ശേഷിയിൽ സർവീസ് നടത്താം. ഡ്രൈവിങ് സ്‌കൂളുകൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. എല്ലാ പരിശീലകരും വാക്സിനെടുത്തിരിക്കണം. സിനിമ തിയേറ്ററുകളിൽ 50 ശതമാനം ശേഷിയിലേ പ്രവർത്തനം പാടുള്ളു.

കാണികളിൽ എല്ലാവരും വാക്‌സിനെടുത്തവരാകണം. വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സ്വകാര്യ പരിശീലന കേന്ദ്രങ്ങൾ, നഴ്സറികൾ എന്നിവയ്ക്ക് 50 ശതമാനം ശേഷിയിൽ തുറക്കാം. ഭിന്നശേഷിക്കാർക്കുള്ള കേന്ദ്രങ്ങളിൽ ഒരു സെഷനിൽ അഞ്ചിൽ കൂടുതൽ വിദ്യാർഥികൾ പാടില്ല. എല്ലാ കേന്ദ്രങ്ങളിലെയും നഴ്സറികളിലെയും ജീവനക്കാരെല്ലാം വാക്സീൻ എടുത്തിരിക്കണം.

റസ്റ്ററന്റുകൾ, കഫേകൾ, ഷോപ്പിങ് മാളുകൾ, സിനിമ തിയേറ്ററുകൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ, പരമ്പരാഗത സൂഖുകൾ, ഹോൾസെയിൽ മാർക്കറ്റുകൾ, ബ്യൂട്ടി സലൂണുകൾ, വിനോദ കേന്ദ്രങ്ങൾ, ഹെൽത്ത് ക്ലബുകൾ, സ്പാ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവയുടെയെല്ലാം ്പ്രവർത്തന ശേഷി കുറച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here