അപകടകരമായ കാലാവസ്ഥയിൽ വേഗത കുറക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി എമിറേറ്റിലെ പ്രധാന റോഡുകളിൽ പുതിയ ഇലക്‌ട്രോണിക് പാനലുകളും സ്പീഡ് അടയാളങ്ങളും സ്ഥാപിക്കുന്നത് പൂർത്തിയാക്കിയതായി അബുദബി പോലീസ് അറിയിച്ചു. മഞ്ഞ് ഉൾപ്പെടെയുള്ള അസ്ഥിര കാലാവസ്ഥ മാറ്റങ്ങൾ അനുഭവപ്പെടുമ്പോൾ വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ് നൽകുന്നതിനായാണ് പ്രകാശ സംവിധാനത്തോടെ കൂടിയ ഇലക്ട്രോണിക് ബോർഡുകൾ സ്ഥാപിക്കുന്നത്. കാലാവസ്ഥ മാറ്റങ്ങൾ ഉള്ള സമയങ്ങളിൽ എത്ര വേഗത്തിൽ വരെ പോകാം എന്ന് അറിയിക്കുന്ന ബോർഡുകളാണ് പ്രധാന വീഥികളിൽ സ്ഥാപിച്ചു തുടങ്ങിയിരിക്കുന്നതെന്ന് അബുദബി പോലീസ് അറിയിച്ചു. മഴ, ശക്തമായ കാറ്റ്, മണൽക്കാറ്റ്, മൂടൽമഞ്ഞ് എന്നിവയിൽ ഇവ സജീവമാകും. പാനലുകൾ മണിക്കൂറിൽ 80 കിലോമീറ്റർ വേഗപരിധി ഫ്ലാഷ് ചെയ്യുകയും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാൻ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും. പാനലുകൾ പ്രകാശിക്കുമ്പോൾ വേഗത കുറക്കണമെന്ന് ഡ്രൈവർമാരോട് പോലീസ് അഭ്യർത്ഥിച്ചു. ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്നും കാലാവസ്ഥ റിപ്പോർട്ടുകൾ ശ്രദ്ധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

അതിനിടെ, ഉപഭോക്താക്കൾക്ക് കൂടുതൽ സുഗമമായ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി അബുദബി വാഹന ഉടമകൾക്ക് മവാഖിഫ് പാർക്കിംഗ് ഫീസ് ഇനി മുതൽ ഡാർബ് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് അടയ്ക്കാമെന്ന് അബുദബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐ ടി സി ) അറിയിച്ചു. ഡാർബ് ആപ്പിലെ ഇ-വാലറ്റ് സംവിധാനത്തിലൂടെയാണ് മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനുള്ള സേവനം ലഭ്യമാക്കുന്നത്. അബുദാബിയിലെ ടോൾ ഗേറ്റ് ഫീസ് നൽകുന്നതിനായി ഉപഭോക്താക്കൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പിലൂടെ മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനുള്ള സേവനം പ്രയോജനപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് പാർക്കിംഗ് ഫീസ് അടക്കുന്നതിനായുള്ള എസ് എം എസ് സന്ദേശങ്ങൾ ഒഴിവാക്കാവുന്നതാണ്. ഡാർബ് ആപ്പിലെ ‘പേ ഫോർ പാർക്കിംഗ്’ ബട്ടൺ ഉപയോഗിച്ചാണ് സേവനം ഉപയോഗിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here