പുതിയ കാര്‍ഷികനിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക്‌ നയിക്കുമെന്നു രാഹുല്‍ ഗാന്ധി. വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദിനെ അനുകൂലിച്ച്‌ ഷെയര്‍ ചെയ്‌ത ട്വീറ്റിലൂടെയാണ്‌ പുതിയ കര്‍ഷകബില്ലുകള്‍ക്കെതിരേ രാഹുല്‍ വീണ്ടും രംഗത്തുവന്നത്‌. പുതിയ ബില്ലുകളെ ജി.എസ്‌.ടിയുമായും രാഹുല്‍ താരതമ്യപ്പെടുത്തി. “മുന്നൊരുക്കങ്ങളില്ലാതെ ഏര്‍പ്പെടുത്തിയ ജി.എസ്‌.ടി. രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകര്‍ത്തു. ഇപ്പോള്‍ അവതരിപ്പിച്ച കര്‍ഷകനിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കും”. രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.

ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും വിരുദ്ധമായ കരിനിയമങ്ങള്‍ക്കെതിരേ കോടതിയെ സമീപിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ വ്യക്‌തമാക്കിയതിനു തൊട്ടുപിന്നാലെയാണു മുന്‍ അധ്യക്ഷന്റെ പ്രതികരണം. ബില്ലുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന അഭിപ്രായത്തെ അനുകൂലിക്കുന്ന 18 പ്രതിപക്ഷപാര്‍ട്ടികളും ബില്ലുകളില്‍ ഒപ്പു വെക്കരുതെന്നു രാഷ്ര്‌ടപതിയോട്‌ ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ്‌ വക്‌താവ്‌ മനു അഭിഷേക്‌ സിങ്വി അറിയിച്ചു.

പുതിയ കര്‍ഷക ബില്ലുകള്‍ക്കെതിരേ പഞ്ചാബ്‌, ഹരിയാന, ഉത്തര്‍പ്രദേശ്‌ തുടങ്ങി വിവിധ സംസ്‌ഥാനങ്ങളിലെ കര്‍ഷകസംഘടനകളാണ്‌ ഇന്നലെ ഭാരത്‌ ബന്ദിന്‌ ആഹ്വാനം നല്‍കിയത്‌. പഞ്ചാബില്‍ കര്‍ഷകര്‍ മൂന്നു ദിവസത്തെ റെയില്‍ ഗതാഗതം സ്‌തംഭിപ്പിക്കല്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here