കോവിഡ് വെല്ലുവിളികൾ മറികടന്ന് ഇന്ത്യ-ദുബായ് എണ്ണയേതര വ്യാപാര ഇടപാടിൽ കുതിപ്പ്. ഈ വർഷം ആദ്യപാദത്തിൽ 3,500 കോടി ദിർഹത്തിന്റെ ഇടപാടാണു നടത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിനെക്കാൾ 17% വളർച്ച. രാജ്യാന്തര ഭക്ഷ്യമേളയായ ‘ഗൾഫുഡിൽ’ ഉൾപ്പെടെ ഇന്ത്യൻ സാന്നിധ്യം വർധിച്ചുവരികയാണ്.

ഇന്ത്യയിൽ നിന്നുള്ള പ്രമുഖ കമ്പനികൾ പുതിയ ഉൽപന്നങ്ങളുമായി പങ്കെടുക്കുന്നു. ഗൾഫ് മേഖലയിൽ യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ സൗദിയുമായി 1,470 കോടി ദിർഹത്തിന്റെ ഇടപാടാണു നടന്നത്. അതേസമയം, 4,400 കോടി ദിർഹത്തിന്റെ ഇടപാടു നടത്തിയ ചൈനയാണ് ഒന്നാമത്. ഈ വർഷം ആദ്യപാദത്തിൽ മൊത്തം 35,440 കോടി ദിർഹത്തിന്റെ വിദേശ വ്യാപാര ഇടപാട് നടത്തിയതായി ദുബായ് ഇക്കോണമി വ്യക്തമാക്കി. കഴിഞ്ഞതവണ 32,300 ആയിരുന്നു.

കോവിഡ് പ്രതിസന്ധികൾ തരണം ചെയ്യാൻ വാണിജ്യ-വ്യവസായ മേഖലകളിൽ വിവിധ ഘട്ടങ്ങളിലായി സാമ്പത്തിക ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര സമ്പദ് വ്യവസ്ഥ വൻപ്രതിസന്ധി നേരിട്ടപ്പോഴും ദുബായ് അതിവേഗം കരകയറിയതായി ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ ബിൻ സുലായെം പറഞ്ഞു. കൂടുതൽ നിക്ഷേപകരുടെ കടന്നുവരവും സാങ്കേതിക മുന്നേറ്റവുമാണു പ്രധാനമായും ഇതിനു സഹായകമായത്. വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ഊർജിതമാക്കി കോവിഡ് വ്യാപനം തടയാൻ കഴിഞ്ഞത് ലോകരാജ്യങ്ങളുടെ വിശ്വാസ്യത വർധിപ്പിച്ചതായും ചൂണ്ടിക്കാട്ടി.

മുന്നേറ്റത്തിന് ‘രാജ്യാന്തര പാസ്പോർട്ട്’

ദുബായ് തുടക്കമിട്ട ‘വേൾഡ് ലോജിസ്റ്റിക്സ് പാസ്പോർട്ടിന്റെ’ നേട്ടങ്ങൾ ലഭിച്ചുതുടങ്ങി. ഇന്ത്യയടക്കമുള്ള പ്രധാന രാജ്യങ്ങളെ കൂട്ടിയിണക്കുന്ന ഇത് വാണിജ്യ-വ്യാപാര േമഖലയുടെ വളർച്ച ലക്ഷ്യമിടുന്ന സഖ്യമാണ്. തായ് ലൻഡ്, ബ്രസീൽ, കൊളംബിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും ഇതിൽ ഒപ്പുവച്ചിട്ടുണ്ട്.

കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി സഖ്യം വിപുലമാക്കും. ഈ രാജ്യങ്ങളിലെ വ്യാപാരികൾക്ക് സഹകരണ ശൃംഖലയിലൂടെ കൂടുതൽ അടുക്കാനും സാധ്യതകൾ ഉപയോഗപ്പെടുത്താനും സാധിക്കും. നൂറിലേറെ പ്രവർത്തന, സാമ്പത്തിക ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്. ഒട്ടേറെ കമ്പനികൾ ഇതിൽ റജിസ്റ്റർ ചെയ്തുകഴിഞ്ഞു. ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലടക്കം അവസരങ്ങൾ ലഭ്യമാക്കുകയെന്നതും ലക്ഷ്യമാണ്.

കുറഞ്ഞ ചെലവിലും കൂടുതൽ വേഗത്തിലുമുള്ള ചരക്കു നീക്കത്തിന് വെർച്വൽ കോറിഡോർ ഒരുക്കിയിട്ടുണ്ട്. സ്റ്റോക്കിനെക്കുറിച്ചും മറ്റും കൃത്യവിവരങ്ങൾ അറിയാം. 24 ഫ്രീസോണുകളിലെ 18,000ൽ ഏറെ കമ്പനികൾ ഈ സേവനം ഉപയോഗപ്പെടുത്തുന്നു

ലക്ഷ്യം 2 ലക്ഷം കോടി: ഷെയ്ഖ് ഹംദാൻ

വിദേശവ്യാപാര രംഗത്ത് 2 ലക്ഷം കോടി ദിർഹം എന്ന ലക്ഷ്യം കൈവരിക്കാൻ പഞ്ചവത്സര കർമപരിപാടികൾ നടപ്പാക്കിവരികയാണെന്നു ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. എക്സ്പോയിലൂടെ രാജ്യാന്തര സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനു ദുബായ് അവസരമൊരുക്കും. 6 മാസം നീളുന്ന എക്സ്പോയിൽ ഒട്ടേറെ പുതിയ പദ്ധതികൾക്ക് തുടക്കമാകും. പുത്തൻ സാങ്കേതിക വിദ്യകളുടെ വൻ സാധ്യതകളും എക്സ്പോ പങ്കുവയ്ക്കും.

വിപണിക്ക് വജ്രശോഭ

ദുബായ് വിപണിക്ക് വജ്രത്തിളക്കം. ഈ വർഷം ആദ്യപാദത്തിൽ വജ്രവിപണി വൻവളർച്ചയാണു കൈവരിച്ചത്. 2,900 കോടി ദിർഹത്തിന്റെ ഇടപാടു നടത്തി- 61% വളർച്ച. സ്വർണാഭരണ ഇടപാട് 1,700 കോടി. അതേസമയം, മൊത്തം 6,300 കോടി ദിർഹത്തിന്റെ സ്വർണ ഇടപാടു നടത്തി-27% വളർച്ച. 1400 കോടിയുടെ ഇടപാടു നടത്തി 9% വളർച്ച നേടി വാഹനമേഖലയും സ്പീഡ് ട്രാക്കിൽ.

LEAVE A REPLY

Please enter your comment!
Please enter your name here