പുതുവർഷത്തെ പുതുമയോടെ വരവേൽക്കാൻ എക്സ്പോ വേദിയൊരുങ്ങി. രാവ് പുലരുവോളം നീളുന്ന ആഘോഷപരിപാടികൾക്കാണ് എക്സ്പോ വേദികൾ സാക്ഷ്യം വഹിക്കുക. ലോകോത്തര സംഘങ്ങളുടെ ഡി.ജെ സംഗീതതാളത്തിൽ നൃത്തം ചെയ്ത് ആഘോഷക്കാഴ്ചകൾ ആസ്വദിക്കാൻ എക്സ്പോ സന്ദർശകരെ ക്ഷണിക്കുകയാണ്. അൽവാസൽ പ്ലാസയിൽ വർണാഭമായ വെടിക്കെട്ട് നടക്കും. 13 മണിക്കൂർ നീളുന്ന ആഘോഷങ്ങളാണ് ഇവിടെ നടക്കുക. ഡിസംബർ 31 വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമാകും. ജനുവരി ഒന്നിന് പുലർച്ചെ നാലുമണിവരെ ഇത് നീളും. ഡി.ജെ സ്റ്റാർ ദിമിത്രി വേഗാസിന്റെ അവതരണം സന്ദർശകർക്കാസ്വദിക്കാനാകും. എക്സ്പോ ജൂബിലി പാർക്കിൽ 11.30-നാണ് ഡി.ജെ പരിപാടികൾ ആരംഭിക്കുക. ലോകത്തിലെ ഏറ്റവും പ്രഗല്‌ഭരായ ഇലക്‌ട്രോണിക് സംഗീതസംഘം എക്സ്പോ സന്ദർശകരെ രസിപ്പിക്കും. ആർമിൻ വാൻ ബ്യുറെൻ പുതുവത്സരസമ്മാനമായി അവതരണം നടത്തും. അറബ്, ഫിലിപ്പിനോ, ഇന്ത്യൻ ഡി.ജെ.കളുടെ നേതൃത്വത്തിലും വിപുലമായ പരിപാടികൾ നടക്കും.

192 രാജ്യങ്ങളുടെ പുതുവത്സരസമയങ്ങളിലുള്ള ആഘോഷങ്ങൾക്കാണ് എക്സ്പോ വേദി സാക്ഷ്യംവഹിക്കുകയെന്ന് എക്സ്പോ 2020 വിനോദവിഭാഗം മേധാവി താരിഖ് ഖോഷേഹ് പറഞ്ഞു. തുറന്ന കൈകളോടെയും ശുഭപ്രതീക്ഷയോടെയും 2022-നെ വരവേൽക്കാൻ ദുബായ് ഒരുങ്ങിക്കഴിഞ്ഞു. രാജ്യം ഇതുവരെ കാണാത്ത ആഘോഷങ്ങളായിരിക്കും ഇവിടെ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകർക്ക് ആയാസരഹിതമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതുവർഷരാവിൽ മെട്രോ സേവനം പുലർച്ചെയും സജീവമായിരിക്കും. ഭക്ഷണശാലകളും ഹോട്ടലുകളും പുലരുവോളം തുറന്നുപ്രവർത്തിക്കും. ആഘോഷവേദികളും ഫുഡ് ട്രക്കുകളുമടക്കമുള്ള സൗകര്യങ്ങളോടെ പുതുതായി തുറന്ന ജൂബിലി പാർക്കിലെ ഫെസ്റ്റിവൽ ഗാർഡൻ സന്ദർശകർക്ക് മനോഹരമായ അനുഭവമായിരിക്കും സമ്മാനിക്കുക. കർശനവ്യവസ്ഥകളോടെ നിരവധി പി.സി.ആർ. പരിശോധനാ കേന്ദ്രങ്ങളും ഇവിടെ സജ്ജമാണ്. 18 വയസ്സിനുമുകളിൽ പ്രായമുള്ളവർ രണ്ട് ഡോസ് വാക്സിനെടുത്ത രേഖ സമർപ്പിക്കണം. അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ലഭിച്ച പി.സി.ആർ നെഗറ്റീവ് ഫലം കരുതണം.

LEAVE A REPLY

Please enter your comment!
Please enter your name here