ലോക ഫുട്‌ബോൾ മാമാങ്കത്തിലേക്ക് ഇനി ഒരു വർഷത്തിന്റെ ദൂരം. ദോഹയിൽ സജ്ജമാക്കിയ വമ്പൻ ക്ലോക്കിൽ ഞായറാഴ്ച 2022 ലോകകപ്പിന്റെ കൗണ്ട് ഡൗൺ തുടങ്ങും. അടുത്തവർഷം നവംബർ 21-നാണ് ലോകകപ്പിന്റെ കിക്കോഫ്. ദോഹ കോർണിഷിൽ അരമണിക്കൂർ നീളുന്ന പ്രത്യേക പരിപാടിയിലാണ് ഒരു വർഷത്തെ കൗണ്ട്ഡൗൺ ആരംഭിക്കുക. ആരാധകർക്ക് വെർച്വലായി പരിപാടിയിൽ പങ്കെടുക്കാൻ കഴിയും. പ്രാദേശിക സമയം രാത്രി 8.30-നാണ് ചടങ്ങുകൾ ആരംഭിക്കുക. ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ആദ്യ അറബ്‌രാജ്യമെന്ന ഖ്യാതിയോടെയാണ് ഖത്തർ തയ്യാറെടുക്കുന്നത്. സ്റ്റേഡിയങ്ങൾ അടക്കമുള്ളവ അവസാനഘട്ടത്തിലാണ്. സാങ്കേതികത്തികവിലും സുരക്ഷാകാര്യത്തിലുമെല്ലാം ലോകത്തെ അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ് ഖത്തർ.

സ്റ്റേഡിയങ്ങൾ, മെട്രോ, എക്സ്പ്രസ് ഹൈവേ, പഞ്ചനക്ഷത്രഹോട്ടലുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളെല്ലാം ഏറക്കുറെ പൂർത്തിയായിക്കഴിഞ്ഞു. കോവിഡും രാഷ്ട്രീയ പ്രതിസന്ധികളുമെല്ലാം ഉൾപ്പെടെ മറികടന്നാണ് ലോകകപ്പിനായി ഖത്തർ ദ്രുതഗതിയിൽ ഒരുങ്ങുന്നത്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ്. രണ്ടാം തവണയാണ് ഏഷ്യ ലോകകപ്പിന് വേദിയാകുന്നത്. ആദ്യത്തേത് ജപ്പാനിലും ദക്ഷിണകൊറിയയിലുമായി 2002-ലാണ് നടന്നത്.

സെപ് ബ്ലാറ്റർ ഫിഫ പ്രസിഡന്റായ കാലത്താണ് ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചത്. വേദിയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായെങ്കിലും അതിനെയെല്ലാം മറികടക്കുകയായിരുന്നു. 32 രാജ്യങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും. കഴിഞ്ഞവർഷം റഷ്യയാണ് ലോകകപ്പിന് ആതിഥ്യം വഹിച്ചത്.

അൽ ഖോറിലുള്ള അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് ടൂർണമെന്റിന് കിക്കോഫാകുന്നത്. സ്റ്റേഡിയത്തിൽ അറുപതിനായിരം പേർക്ക് ഇരിക്കാം. ആധുനികതയും മനോഹാരിതയും ചേർത്തുവെച്ചാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. ലൂസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ. ഇവിടെ 80,000 പേർക്കിരിക്കാം.

എട്ട് സ്റ്റേഡിയങ്ങളിൽ അൽ വക്രയിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം, അൽ ജനൗബ്, അൽ റയ്യാനിലെ എജ്യുക്കേഷൻ സിറ്റി, അഹമ്മദ് ബിൻ അലി, ദോഹയിലെ അൽ തുമാമ എന്നീ അഞ്ച് സ്റ്റേഡിയങ്ങൾ പൂർത്തിയായി. ഇവയുടെ ഉദ്ഘാടനവും കഴിഞ്ഞു. അൽ ബെയ്ത്, ദോഹയിലെ റാസ് അബു അബൗദ് സ്റ്റേഡിയങ്ങൾ ഡിസംബറിൽ പൂർത്തിയാകും. ലുസൈൽ അടുത്ത വർഷത്തോടെ സജ്ജമാകും.

LEAVE A REPLY

Please enter your comment!
Please enter your name here