അസുഖബാധിതനായി ചികില്‍സയിലായിരുന്ന പിഡിപി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെത്തിച്ചത്.

പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്ന സിറാജിനെ ആഴ്ച്ചകള്‍ക്കു മുമ്പാണ് പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. തുടര്‍ന്ന് പിഡിപി സംസ്ഥാന വൈസ് ചെയര്‍മാനായി സിറാജിനെ പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നോമിനേറ്റ് ചെയ്തിരുന്നു. അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിറാജ് പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നത്.

മൂന്നു തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു. രണ്ടു തവണ പിഡിപി ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായാണ് സിറാജ് മത്സരിച്ചത്. 1995ല്‍ മാണിക്യവിളാകം വാര്‍ഡില്‍ നിന്നും 2000ല്‍ അമ്പലത്തറ വാര്‍ഡില്‍ നിന്നും പി.ഡി.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ പിഡിപിയില്‍ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തന്‍പള്ളി വാര്‍ഡില്‍ മല്‍സരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here