കുവൈത്ത് ഇതര യാത്രക്കാര്‍ക്ക് കുറഞ്ഞത് 14 ദിവസമെങ്കിലും നിയന്ത്രണരഹിത രാജ്യങ്ങളില്‍ താമസിച്ചാല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. 31 രാജ്യങ്ങളില്‍ നിന്നുള്ള കുവൈത്ത് ഇതര യാത്രക്കാര്‍ക്ക് നേരിട്ടോ മറ്റ് രാജ്യങ്ങളിലൂടെയോ പറക്കുന്നുണ്ടെങ്കിലും കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്നായിരുന്നു സിവില്‍ ഏവിയേഷന്‍ ബോഡി ഞായറാഴ്ച വൈകിയും ആവര്‍ത്തിച്ചിരുന്നത്. ഇതിലാണ് ഇപ്പോള്‍ പുതിയ മാറ്റം കൊണ്ടു വന്നിരിക്കുന്നത്.

ലോ റിസ്‌ക് രാജ്യങ്ങളില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം കോവിഡ് 19 പിസിആര്‍ പരിശോധനയ്ക്ക് വിധേയമായി വൈറസ് ബാധയില്ലെന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നവര്‍ക്കാണ് പ്രവേശനമെന്ന് ഡിജിസിഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രയുടെ 72 മണിക്കൂറിനുള്ളിലെങ്കിലും എടുത്ത പരിശോധനാ സര്‍ട്ടിഫിക്കറ്റിനു മാത്രമേ സാധുതയുള്ളൂ.

കഴിഞ്ഞ ശനിയാഴ്ചയാണ് 31 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് പ്രവേശനാനുമതി നിഷേധിച്ചുള്ള ഉത്തരവിറക്കിയത്. മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെ വൈറസ് വ്യാപന നിരക്ക് രൂക്ഷമായതിനാലാണ് ഇത്തരമൊരു തീരുമാനമെടുക്കന്നതെന്നും അധികൃതര്‍ അറിയിച്ചിരുന്നു. അര്‍മേനിയ, ബംഗ്ലാദേശ്, ബ്രസീല്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ചിലി, ചൈന, കൊളംബിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഈജിപ്ത്, ഹോങ്കോംഗ്, ഇന്ത്യ, ഇന്തോനേഷ്യ, ഇറാന്‍, ഇറാഖ്, ഇറ്റലി, കൊസോവോ, ലെബനന്‍, മെക്‌സിക്കോ, മോള്‍ഡോവ, മോണ്ടിനെഗ്രോ, നേപ്പാള്‍, വടക്കന്‍ മാസിഡോണിയ, പനാമ, പാകിസ്ഥാന്‍, പെറു, ഫിലിപ്പൈന്‍സ്, സെര്‍ബിയ, സിംഗപ്പൂര്‍, സ്‌പെയിന്‍, ശ്രീലങ്ക, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് കുവൈത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here