അഫ്ഗാന്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോ ദോഹയിലെത്തി. ദോഹയില്‍ നടന്നുകൊണ്ടിരിക്കുന്ന യു.എസ് താലിബാന്‍ അനുരഞ്ജന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വേണ്ടി ശനിയാഴ്ച്ച രാവിലെയാണ് ഇദ്ദേഹം ദോഹയിലെത്തിയത്.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനിയുമായി പോംപയോ കൂടിക്കാഴ്ച്ച നടത്തി. താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ചയുടെ ഇതുവരെയുള്ള പുരോഗതി ഇരുവരും വിലയിരുത്തി. അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായും താലിബാന്‍ പ്രതിനിധികളുമായും വെവ്വേറെ തന്നെ പോംപയോ കൂടിക്കാഴ്ച്ച നടത്തും.

കഴിഞ്ഞ ഫെബ്രുവരില്‍ ഉണ്ടാക്കിയ സമാധാന കരാറനുസരിച്ച് അഫ്ഗാനിസ്ഥാനിലെ ഭരണ, സാമൂഹിക മേഖലകളില്‍ താലിബാനും പങ്കാളിത്തം നല്‍കുന്നതിനായി നിലവിലെ സര്‍ക്കാരും താലിബാനും ഒരുമിച്ചിരുന്ന് ധാരണകളിലെത്തണമെന്ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ ദോഹയില്‍ നിരവധി ആഴ്ച്ചകളായി ഇരു വിഭാഗവും ചര്‍ച്ച നടത്തിയെങ്കിലും പല വിഷയങ്ങളിലും ഇനിയും സമവായമായില്ല. ആശയപരവും ആദര്‍ശപരവുമായ വിഷയങ്ങളില്‍ രണ്ട് വിഭാഗവും പിടിവാശി തുടരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഹനഫി സുന്നി വിശ്വാസ ധാരയോട് ചേര്‍ന്ന് നിന്നുള്ള ഭരണക്രമം വേണമെന്ന് താലിബാന്‍ ആവശ്യപ്പെടുമ്പോള്‍ ഷിയാ വിശ്വാസം പിന്തുടരുന്ന ഹസ്റത്ത് വിഭാഗത്തോടും സമാനധാരയിലുള്ള ന്യൂനപക്ഷങ്ങളോടുമുള്ള വിവേചനമാകും അതെന്നാണ് അഷ്റഫ് ഗനി സര്‍ക്കാരിന്‍റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here