രാജ്യത്തിന്റെ സകല മേഖലകളിലെയും നിയങ്ങള്‍ പരിഷ്‌കരിച്ച് യുഎഇ. രാജ്യരൂപീകരണത്തിന്റെ 50ാം വര്‍ഷത്തില്‍ 40 ലധികം നിയമങ്ങളാണ് പരിഷ്‌കരിച്ചത്. സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണ പരിഷ്‌കാരങ്ങള്‍ക്ക് പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണ പരിഷ്‌കാരങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശ സംരക്ഷണത്തിന് മുന്തിയ പരിഗണന നല്‍കി. നിക്ഷേപം, വ്യാപാരം, വ്യവസായം, വാണിജ്യം, കമ്പനി, വ്യാവസായിക സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും, പകര്‍പ്പവകാശം, വ്യാപാരമുദ്രകള്‍, വാണിജ്യ റജിസ്റ്റര്‍, ഇലക്ട്രോണിക് ഇടപാടുകള്‍, ട്രസ്റ്റ് സേവനങ്ങള്‍, ഫാക്ടറി, റെസിഡന്‍സി എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിയമനിര്‍മാണ ഘടന വികസിപ്പിക്കുന്നതിനാണ് ഭേദഗതികള്‍.

കുറ്റകൃത്യവും ശിക്ഷയും, ഓണ്‍ലൈന്‍ സുരക്ഷ, ലഹരിമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും ഉല്‍പാദനം, വില്‍പന, ഉപയോഗം എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങളും ഉള്‍പ്പെടും. സ്മാര്‍ട് സംവിധാനങ്ങളുടെ സഹായത്തോടെ ഇലക്ട്രോണിക് ഇടപാടുകളും സേവനങ്ങളും മെച്ചപ്പെടുത്താനും നിര്‍ദേശിക്കുന്നു. ഡിജിറ്റല്‍ ഒപ്പിനും പരിരക്ഷ നല്‍കും. ഇടപാടുകള്‍ മുദ്രവയ്ക്കുന്നതിനും ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് കരാറുകളും സര്‍ക്കാര്‍ ഇടപാടുകളും നടത്തുന്നതിനും അനുമതിയുണ്ട്.

തന്ത്രപ്രധാന മേഖലകളില്‍ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും പൂര്‍ണ ഉടമസ്ഥതയോടെ കമ്പനികള്‍ ആരംഭിക്കാനുള്ള നിയമഭേദഗതി നിക്ഷേപകരെ ആകര്‍ഷിക്കും. പുതിയ വാണിജ്യ കമ്പനി നിയമം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഇതിലൂടെ ആഗോള ബിസിനസ് ഹബ്ബായി യുഎഇയെ ഉയര്‍ത്തും.

സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. പൊതു സുരക്ഷയും സുരക്ഷാ വ്യവസ്ഥകളും ശക്തിപ്പെടുത്തി. കൂടാതെ വിവാഹേതര ബന്ധങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. പൊതുസ്ഥലത്തോ ലൈസന്‍സില്ലാത്ത സ്ഥലങ്ങളിലോ മദ്യം കഴിക്കുന്നതും പുതിയ നിയമം നിരോധിക്കുന്നു. 21 വയസ്സിനു താഴെയുള്ളവര്‍ക്കു മദ്യം വില്‍ക്കുന്നതും പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്.

ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്നു. ഇര 18 വയസ്സിനു താഴെയോ വികലാംഗയോ എതിര്‍ക്കാന്‍ കഴിയാത്തയാളോ ആണെങ്കില്‍ 10-25 വര്‍ഷം വരെ തടവോ വധശിക്ഷ വരെയോ ലഭിക്കാം. ലിംഗഭേദമില്ലാത്ത ലൈംഗിക കുറ്റകൃത്യത്തിനു തടവോ 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ ശിക്ഷയുണ്ട്. ബലംപ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ആണ് പീഡനമെങ്കില്‍ 5-20 വര്‍ഷം വരെ തടവ് ലഭിക്കും. ജോലിസ്ഥലത്തോ വിദ്യാലയത്തിലോ പാര്‍പ്പിടത്തിലോ ആശുപത്രികളിലോ ആണെങ്കില്‍ കഠിന ശിക്ഷയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here