സര്‍ക്കാര്‍ സര്‍വിസില്‍ മുന്നാക്ക സംവരണം പ്രാബല്യത്തിലാക്കി പി.എസ്.സി.ഇന്നലെ ചേര്‍ന്ന കമ്മിഷന്‍ യോഗമാണ് സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ചത്. മൂന്നാക്ക വിഭാഗത്തിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയ ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യത്തിലാക്കാനാണ് തീരുമാനം. 23 മുതല്‍ ഇന്നു വരെ സമയപരിധിയുള്ള റാങ്ക് പട്ടികകള്‍ക്കും സംവരണം ബാധകമാക്കും.

അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാന്‍ പത്ത് ദിവസം കൂടി നീട്ടിനല്‍കാനും പി.എസ്.സി യോഗം തീരുമാനിച്ചു. ഒക്ടോബര്‍ ഇരുപത്തി മൂന്നിനോ അതിനു ശേഷമോ അപേക്ഷാ കാലാവധി അവസാനിക്കുന്ന തസ്തികകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്. ഇക്കാലയളവില്‍ അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ അര്‍ഹരായവര്‍ക്ക് മുന്നാക്ക സംവരണത്തിനുകൂടി അപേക്ഷിക്കുന്നതിനാണ് കാലാവധി നീട്ടിയിരിക്കുന്നത്.സംവരണ ആനുകൂല്യം ലഭിക്കാന്‍ ഉദ്യോഗാര്‍ഥികളുടെ ഓണ്‍ലൈന്‍ അപേക്ഷയിലും പ്രൊഫൈലിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും. കൂടാതെ ഒക്‌ടോബര്‍ 30 മുതല്‍ക്കുള്ള വിജ്ഞാപനങ്ങളിലും തുടര്‍ന്നുള്ള വിജ്ഞാപനങ്ങളിലും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംവരണം ബാധകമാക്കും. അതേ സമയം, സംവരണം അനുവദനീയമല്ലാത്ത വകുപ്പുതല ക്വാട്ട തസ്തികയുടെ വിജ്ഞാപനങ്ങള്‍ക്ക് തീയതി ദീര്‍ഘിപ്പിക്കില്ല.

പത്ത് ശതമാനം മുന്നാക്ക സംവരണത്തിന് എതിരേ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പി.എസ്.സി സംവരണം പ്രാബല്യത്തിലാക്കിയിരിക്കുന്നത്. പൊതുവിഭാഗത്തില്‍ നിന്നായിരിക്കും സംവരണം. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. കുടുംബ ഭൂസ്വത്ത് പഞ്ചായത്തുകളില്‍ 2.5 ഏക്കറിലും നഗരസഭകളില്‍ 75 സെന്റിലും കോര്‍പറേഷനില്‍ 50 സെന്റിലും കൂടരുത്. ആകെ ഭൂവിസ്തൃതി 2.5 ഏക്കറില്‍ കൂടരുത്.

ഹൗസ് പ്ലോട്ടുകളുടെ ആകെ വിസ്തൃതി നഗരസഭകളില്‍ 20 സെന്റിലും കോര്‍പറേഷനില്‍ 15 സെന്റിലും താഴെയായിരിക്കണം. അന്ത്യോദയ അന്നയോജന, മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളില്‍ പേരുള്ളവര്‍ക്കു മറ്റു മാനദണ്ഡങ്ങള്‍ നോക്കാതെ സംവരണം ലഭിക്കും. അതേസമയം സംവരണം നടപ്പാക്കുന്നതിന് ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്ന എന്‍.എസ്.എസിന്റെ ആവശ്യം പി.എസ്.സി അംഗീകരിച്ചില്ല.

മുന്നോക്ക വിഭാഗങ്ങളില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം നേരത്തെ സര്‍ക്കാര്‍ ഇറക്കിയിരുന്നു. പി.എസ്.സി കൂടി അംഗീകരിച്ചതോടെ മുന്നാക്ക വിഭാഗക്കാര്‍ക്കു സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനം സംവരണം ഉറപ്പാക്കി കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് ചട്ടം ഭേദഗതി ചെയ്യും. മുന്നാക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്ബത്തിക സംവരണം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here