കോവിഡ് വ്യാപന ശേഷമുള്ള ആദ്യ റോക്കറ്റ് വിക്ഷേപണ ദൗത്യം പൂര്‍ത്തിയാക്കി ഐഎസ്‌ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡില്‍ നിന്നാണ് പിഎസ്‌എല്‍വി- സി 49 വിക്ഷേപിച്ചത്. ഭ്രമണപഥത്തിലേക്ക് 10 ഉപഗ്രഹങ്ങളാണ് റോക്കറ്റ് വിക്ഷേപണ ദൗത്യം വഴി ഐഎസ്‌ആര്‍ഒ എത്തിച്ചത്. പ്രതികൂല കാലാവസ്ഥയ്ക്കിടെയാണ് വിക്ഷേപണം നടന്നത്. അഞ്ച് മിനിറ്റോളം കൗണ്ട് ഡൗണ്‍ നിര്‍ത്തിവയ്ക്കുന്ന അവസ്ഥയും ഉണ്ടായി.

2020 ലെ ഐഎസ്‌ആര്‍ഒയുടെ ആദ്യ ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇഒഎസ് 1 നൊപ്പം 9 വിദേശ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തി. പിഎസ്‌എല്‍വിയുടെ 51 -ാം ദൗത്യമാണ് പിഎസ്‌എല്‍വി സി 49. കൃഷി, വാന നിരീക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് റിസാറ്റ് 2 ബിആര്‍ 2 എന്ന് പേരിട്ട ഭൗമ നിരീക്ഷണ ഉപഗ്രഹം. പ്രതികൂല കാലാവസ്ഥയിലും രാപ്പകല്‍ ഭേദമില്ലാതെ തെളിമയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താനാകും എന്നതാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത. സുരക്ഷാ നിരീക്ഷണ കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താനാകും.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. തിരുവനന്തപുരം വിഎസ്‌എസ്‌സിയില്‍ തയ്യാറാക്കിയ വെര്‍ച്വല്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നായിരുന്നു സുരക്ഷാ പരിശോധനയുമടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയത്. ലിത്വാനിയ (1 ടെക്‌നോളജി ഡെമോസ്ട്രേറ്റര്‍), ലക്‌സംബര്‍ഗ് (ക്ലിയോസ് സ്‌പേസിന്റെ 4 മാരിടൈം ആപ്ലിക്കേഷന്‍ ഉപഗ്രഹങ്ങള്‍), യുഎസ് (4ലെമൂര്‍ മള്‍ട്ടി മിഷന്‍ റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകള്‍) എന്നിവയാണ് വിദേശത്തുനിന്നുള്ള 9 ഉപഗ്രഹങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here