ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിയായ സാവിത്രിഭായി ഫൂലെ പൂനെ യൂനിവേഴ്‌സിറ്റിയില്‍(എസ്പിപിയു) പ്രവേശന നടപടികള്‍ ആരംഭിച്ചു. ഐന്‍ഖാലിദില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലുള്ള ബര്‍വ കൊമേഴ്‌സ്യല്‍ അവന്യുവിലാണ് പുനെ യൂനിവേഴ്‌സിറ്റി കാംപസ് പ്രവര്‍ത്തിക്കുന്നത്.

ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍(ബിബിഎ), ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ്, ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ്, ബാച്ചിലര്‍ ഓഫ് സയന്‍സ്-ബയോടെക്‌നോളജി കോഴ്‌സുകളാണ് നിലവില്‍ ഖത്തറിലെ കാംപസില്‍ നിന്ന് നല്‍കുന്നത്. ആര്‍ട്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് കൊമേഴ്‌സ് വിഷയങ്ങളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇംഗ്ലീഷ്, കൊമേഴ്‌സ് അല്ലെങ്കില്‍ സൈക്കോളജി വിഷയങ്ങളില്‍ ഓവറോള്‍ ശരാശരി 60 ശതമാനം മാര്‍ക്ക് വേണം. ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്കാണ് സയന്‍സ് ബിരുദ കോഴ്‌സിന് ചേരാനാവുക.

അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ www.miesppu.edu.qa എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രവേശന അന്വേഷണ ഫോം പൂരിപ്പിച്ച് നല്‍കണം. തുടര്‍ന്ന് യൂനിവേഴ്‌സിറ്റി ഉന്നത വിദ്യാഭ്യാസ വിഭാഗം അഡ്മിഷന്‍ കൗണ്‍സിലര്‍ രണ്ട് പ്രവര്‍ത്തി ദിവസത്തിനകം രക്ഷിതാവുമായി ബന്ധപ്പെടും.

ഇതിന് ശേഷം നിലവില്‍ വിദ്യാര്‍ഥി സെക്കന്ററി സ്‌കൂള്‍ പഠനം നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് പെര്‍ഫോമന്‍സ് റിപോര്‍ട്ട് ആവശ്യപ്പെടും. ഈ റിപോര്‍ട്ടും പൂരിപ്പിച്ച് നല്‍കിയ ഫോമിലെ വിവരങ്ങളും പ്രവേശന യോഗ്യതയുടെ പരിധിയില്‍ വരുന്നതാണെങ്കില്‍ ഓഫര്‍ ലെറ്റര്‍ ലഭിക്കും. ഓഫര്‍ ലെറ്റര്‍ സ്വീകരിക്കുകയും ആഗസ്തിന് മുമ്പ് ആദ്യ സെമസ്റ്റര്‍ ഫീസ് അടക്കുകയും ചെയ്തവര്‍ക്കു മാത്രമായിരിക്കും പ്രവേശനം.

നിലവില്‍ സെക്കന്‍ഡറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുകയും റിസള്‍ട്ട് ലഭ്യമാവുകയും ചെയ്തിട്ടുള്ളവര്‍ക്ക് ഇതിന്റെ കോപ്പി പരിശോധനയ്ക്ക് വേണ്ടി അക്കാദമിക് കൗണ്‍സിലര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. അഡ്മിഷന്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവേശന കൗണ്‍സിലര്‍ ശ്രുതി നായരുമായി 55008444 എന്ന നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

1949ല്‍ സ്ഥാപിതമായ പൂനെ യൂനിവേഴ്‌സിറ്റി ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളുടെ റാങ്കിങ് പട്ടികയില്‍ 17ാം സ്ഥാനത്താണ്. ഖത്തര്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മൈല്‍സ്റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷനുമായി(എംഐഇ) ചേര്‍ന്നാണ് എംഐഇ എസ്പിപിയു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്‍ എന്ന പേരില്‍ ഖത്തറിലെ കാംപസ് പ്രവര്‍ത്തിക്കുന്നത്. 2021 മെയില്‍ ആരംഭിച്ച കാംപസില്‍ സ്പംതബറില്‍ ക്ലാസുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here