ഒളിമ്ബിക്‌സില്‍ തുടര്‍ച്ചയായ രണ്ടാം മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ഇന്നിറങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ജയം സ്വന്തമാക്കിയാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പിക്കാന്‍ കഴിയും. ലോക ഒന്നാം നമ്ബര്‍ താരമായ ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. സിന്ധു റാങ്കിങ്ങില്‍ നിലവില്‍ ഏഴാമതാണ്. സിന്ധുവിന് 26ഉം തായ്ക്ക് 27 ഉം വയസാണ് പ്രായം.

ബാഡ്മിന്റണില്‍ ഇന്ത്യയുടെ ശേഷിക്കുന്ന ഏക മെഡല്‍ പ്രതീക്ഷ കൂടിയാണ് സിന്ധു. മറ്റു താരങ്ങളെല്ലാം ഇതിനകം പുറത്തായിക്കഴിഞ്ഞു. റിയോ ഒളിമ്ബിക്സില്‍ സിന്ധു വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇത്തവണ വെള്ളി സ്വര്‍ണമാക്കുമെന്നാണ് രാജ്യം മുഴുവന്‍ ഉറ്റു നോക്കുന്നത്. ഇരുവരും 18 തവണ ഇതുവരെ കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. പതിമൂന്നിലും തായ് സു യിങാണ് ജയിച്ചത്. സിന്ധുവിന്റെ പേരില്‍ അഞ്ച് ജയം മാത്രം. ഇതില്‍ തന്നെ അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും സിന്ധുവിന് തായിയെ തോല്‍പ്പിക്കാനായിട്ടില്ല. എന്നാല്‍ പ്രധാന ചാമ്ബ്യന്‍ഷിപ്പുകളില്‍ മികവിലേക്കുയരുന്നതാണ് സിന്ധുവിന്റെ ശീലം. അതേസമയം ലോക ചാമ്ബ്യന്‍ഷിപ്പിലോ ഒളിമ്ബിക്സിലോ മെഡല്‍ ഇല്ല എന്നത് തായിയുടെ പോരായ്മയാണ്. 2016ലെ റിയോ ഒളിമ്ബിക്സിലും 2018ലെ ലോക ടൂര്‍ ഫൈനല്‍സിലും 2019ലെ ലോക ചാമ്ബ്യന്‍ഷിപ്പിലും തായി സു യിങിനെ സിന്ധു തോല്‍പ്പിച്ചിരുന്നു. ഇന്ന് പരാജയപ്പെട്ടാലും പി വി സിന്ധുവിന്റെ മെഡല്‍ സാധ്യത അവസാനിക്കില്ല. തോറ്റാല്‍ വെങ്കല മെഡല്‍ മത്സരത്തിന് താരം യോഗ്യത നേടും. പോഡിയത്തിലെത്താന്‍ ഒരവസരം കൂടി താരത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here