ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ 63 ശതമാനം വർധന. 2021-2022 ൽ ഖത്തറുമായുള്ള വ്യാപാര മൂല്യം 1,503 കോടി ഡോളർ ആണെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) വിതരണക്കാരാണ് ഖത്തർ.

ഇന്ത്യയുടെ ആഗോള എൽഎൻജി ഇറക്കുമതിയിൽ 50 ശതമാനത്തിലധികവും ഖത്തറിൽ നിന്നാണ്. എൽഎൻജിക്ക് പുറമെ ഈഥൈൽ, പ്രൊപ്പിലിൻ, അമോണിയ, യൂറിയ, പോളിതെയ്‌ലൻ എന്നിവയും ഖത്തറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഖത്തറിന്റെ ഏറ്റവും വലിയ നാലാമത്തെ കയറ്റുമതി രാജ്യം ഇന്ത്യയാണ്. 2021-2022 ൽ ഖത്തറിൽ നിന്ന് 590 കോടി ഡോളറിന്റെ എൽഎൻജിയാണ് ഇറക്കുമതി ചെയ്തത്.

വർഷാടിസ്ഥാനത്തിൽ 88 ശതമാനമാണ് വർധന. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഊർജ മേഖലയിലാണ് മുന്നിട്ടു നിൽക്കുന്നത്. അതേസമയം കഴിഞ്ഞ 2-3 വർഷമായി ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള ഇറക്കുമതിയിലും ഗണ്യമായ വളർച്ചയാണുള്ളത്. പ്രത്യേകിച്ചും ഇന്ത്യൻ തുറമുഖങ്ങളിലേക്ക് ഖത്തർ നേരിട്ടുള്ള സമുദ്ര പാത തുറന്നതോടെയാണിത്.

ഭക്ഷ്യ ഉൽപന്നങ്ങൾ, പച്ചക്കറി, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, സ്റ്റീൽ ഉൽപന്നങ്ങൾ, നിർമാണ സാമഗ്രികൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ കണക്കുകൾ പ്രകാരം 6,000ത്തിലധികം ചെറുതും വലുതുമായ ഇന്ത്യൻ കമ്പനികളാണ് ഖത്തറിലുള്ളത്. ഖത്തർ ഫിനാൻഷ്യൽ സെന്ററിന്റെ കണക്കുകൾ അനുസരിച്ച് ഏകദേശം 45 കോടി ഡോളർ ആണ് ഇന്ത്യൻ കമ്പനികളുടെ ഖത്തറിലെ നിക്ഷേപം.

ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഇന്ത്യയിലെ നിക്ഷേപം സുഗമമാക്കാൻ ഇരു രാജ്യങ്ങളും ചേർന്ന് ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇൻവെസ്റ്റ് ഇന്ത്യയും ഖത്തറിന്റെ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ഏജൻസിയും തമ്മിൽ ധാരണയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here