ഖത്തറിലെ എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ച പ്രവാസികള്‍ക്ക് നിയമപരമായി രാജ്യത്ത് തുടരുന്നതിനോ രാജ്യം വിടുന്നതിനോ ഉള്ള പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും. ഒക്ടോബര്‍ 10 മുതല്‍ ആണ് പൊതുമാപ്പ് ആരംഭിച്ചത്.

താഴെ പറയുന്ന വിഭാഗങ്ങള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്ന് സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപാര്‍ട്ട്‌മെന്റ്(എസ്എഫ്ഡി) ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ കമാല്‍ താഹിര്‍ അല്‍ തായിരി പറഞ്ഞു.

നിയമ തടസ്സങ്ങള്‍ ഒഴിവാക്കി രാജ്യം വിടാവുന്നവര്‍

  1. റെസിഡന്‍സി പെര്‍മിറ്റ് ലഭിക്കാതെയോ പുതുക്കാതെയോ രാജ്യത്ത് 90 ദിവസത്തില്‍ അധികമായി തങ്ങുന്നവരും തൊഴിലുടമ അബ്‌സ്‌കോണ്ടിങ്(അനുമതിയില്ലാതെ തൊഴില്‍ ഉപേക്ഷിച്ച് പോവുക) പരാതി നല്‍കിയിട്ടില്ലാത്തതുമായ ആളുകള്‍
  2. നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരും തൊഴിലുമട അബ്‌സ്‌കോണ്ടിങ് പരാതി നല്‍കി 30 ദിവസം കഴിഞ്ഞിട്ടില്ലാതവരുമായവര്‍. നിയമ തടസ്സങ്ങളില്ലാതെ രാജ്യം വിടാന്‍ ആവശ്യമായ സംവിധാനം ഇവര്‍ക്ക് എസ്എഫ്ഡി ചെയ്തു നല്‍കും. മറ്റൊരു വിസയില്‍ ഇവര്‍ക്ക് രാജ്യത്തേക്ക് മടങ്ങുന്നതിനും തടസ്സമില്ല.
  3. കാലാവധിക്ക് ശേഷവും രാജ്യത്ത് തങ്ങുന്ന ഫാമിലി റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവരും സന്ദര്‍ശകരും
  4. നിയം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരും തൊഴിലുമട അബ്‌സ്‌കോണ്ടിങ് പരാതി നല്‍കി 30 ദിവസം കഴിഞ്ഞവരുമായ ആളുകള്‍. നിയമപരമായി അനുശാസിച്ചിട്ടുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സ്വീകരിച്ച് ഇവര്‍ക്ക് രാജ്യം വിടാവുന്നതും മറ്റു വിസയില്‍ ഖത്തറിലേക്ക് മടങ്ങി വരാവുന്നതുമാണ്.
  5. റിസിഡന്‍സ് പെര്‍മിറ്റ് കാന്‍സല്‍ ചെയ്ത് 90 ദിവസത്തിലധികമായി ഖത്തറില്‍ തങ്ങുന്നവര്‍ക്ക് നിയമപരമായി അനുശാസിച്ചിട്ടുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സ്വീകരിച്ച് രാജ്യം വിടാവുന്നതും മറ്റു വിസയില്‍ ഖത്തറിലേക്ക് മടങ്ങി വരാവുന്നതുമാണ്.

മുകളില്‍ പറഞ്ഞ എല്ലാ കേസുകളിലും 18 വയസ്സ് പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ രാജ്യം വിടാവുന്നതും നിരോധനമില്ലാതെ തിരിച്ചു വരാവുന്നതുമാണെന്ന് ക്യാപ്റ്റന്‍ അല്‍ തായിരി പറഞ്ഞു.

സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും എസ്എഫ്ഡി നല്‍കുമെന്ന് യൂനിഫൈഡ് സര്‍വീസസ് ഡിപാര്‍ട്ട്‌മെന്റ് ഓഫിസര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ റാഷിദ് പറഞ്ഞു. ഉം സലാല്‍, ഉം സുനൈം, മിസൈമീര്‍, അല്‍ വക്‌റ, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സര്‍വീസ് സെന്ററുകള്‍ വഴി സേവനം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here