2022-ലെ ഖത്തർ ലോകകപ്പ് കാലയളവിൽ ഫുട്ബോൾ പ്രേമികൾക്ക് താവളമൊരുക്കാനും ദോഹയ്ക്ക് പോയി വരാനും അവസരമൊരുക്കുന്ന ദുബായിലെ ആദ്യത്തെ ഫുട്ബോൾ തീം ഹോട്ടൽ നവംബറിൽ തുറക്കും. പാം ജുമൈറയുടെ പടിഞ്ഞാറ് ഭാഗത്തുള്ള എൻഎച്ച് ദുബായ്, ഖത്തറിലേക്കു പോകുന്നവർക്കു മേഖലയിലെ ഏറ്റവും വലിയ കായികമേളയിൽ പങ്കെടുക്കാൻ സംവിധാനമൊരുക്കുന്ന ഒരു ഹോട്ട്‌സ്‌പോട്ടായി മാറും.

നവംബർ 21നാണ് ഖത്തർ ലോകകപ്പിനു കിക്ക് ഓഫ്. മത്സരങ്ങൾ കാണാൻ പോകാൻ യുഎഇയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന രാജ്യാന്തര ഫുട്‌ബോൾ ആരാധകരുടെ ഹോട്ടൽ മുറികൾക്കുള്ള ആവശ്യം കഴിഞ്ഞയാഴ്ചകളിൽ വർധിച്ചതായി റിപ്പോർട്ടുണ്ട്. ദുബായിൽ നിന്നു ഖത്തറിലേക്കുള്ള വിമാനങ്ങളുടെ പാക്കേജ്, എയർപോർട്ട് ട്രാൻസ്‌ഫറുകൾ, പുതിയ എൻഎച്ച് ദുബായ് ദ് പാമിൽ താമസസൗകര്യം എന്നിവ എക്‌സ്‌പാറ്റ് സ്‌പോർട് ടൂറിസം ഏജൻസി ആതിഥേയത്വം വഹിക്കുന്ന ഫുട്‌ബോൾ ഫാൻസ് ദുബായ് എക്‌സ്‌പീരിയൻസ് വാഗ്ദാനം ചെയ്യുന്നു. പ്രത്യേക ഹോസ്പിറ്റാലിറ്റി പാക്കേജുകളിൽ മത്സര ടിക്കറ്റുകൾ ഉൾപ്പെടും.

ദുബായുടെ ഹോസ്പിറ്റാലിറ്റി രംഗത്ത് ഏറെ ശ്രദ്ധേയമാകുന്ന സംരംഭമായിരിക്കും ഇതെന്ന് എക്‌സ്‌പാറ്റ് സ്‌പോർട്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്യൂ ഹോൾട്ട് പറഞ്ഞു. ഞങ്ങളുടെ അതിഥികൾക്ക് ഇതൊരു സവിശേഷ അനുഭവമാക്കി മാറ്റുന്നതിന് ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളികളുമായി സഹകരിക്കുന്നു. ഒരു സ്പെഷ്യലിസ്റ്റ് സ്പോർട്സ് ടൂർ ഓപറേറ്റർ എന്ന നിലയിൽ, ഫുട്ബോൾ പിന്തുണയ്ക്കുന്നവരുടെ യാത്രാ ആവശ്യങ്ങൾ പൂർണമായി മനസ്സിലാക്കുന്നു. ആദ്യമായി ഈ മേഖലയിലേക്ക് വരുന്ന രാജ്യാന്തര ആരാധകർക്ക് പാമിലെ മനോഹരമായ സ്ഥലത്ത് സമാന ചിന്താഗതിക്കാരോടൊപ്പം വിശ്രമിക്കാനുള്ള അപൂർവാസരമായിരിക്കും ഇതെന്നും പറഞ്ഞു.

നവംബർ ആദ്യം തുറക്കുന്ന എൻഎച്ച് ദുബായ് ദ് പാം 533 മുറികളുള്ള ആധുനിക ഹോട്ടലാണ്. ഒരു മാസം നീണ്ടുനിൽക്കുന്ന ലോക കപ്പ് ടൂർണമെന്റിന്റെ ആവേശകേന്ദ്രമാക്കി ഇതിനെ മാറ്റാനാണ് അധികൃതരുടെ നീക്കം. ഹോട്ടൽ അതിഥികൾക്കു ടൂർണമെന്റിലുടനീളം മത്സരങ്ങളിലേക്കു പ്രവേശനം ഉണ്ടായിരിക്കും, അതേസമയം, ഹോട്ടലിന്റെ സ്‌പോർട്‌സ് ബാർ ഒരു ഫാൻ സോണായി മാറും. ഒരു ദിവസത്തെ യാത്രയ്‌ക്കായി ദോഹയിലേക്കു പറക്കുകയും ഹോട്ടലിൽ താമസിക്കുകയും ചെയ്യുന്നവർക്ക് മത്സരങ്ങൾ കാണുന്നതിനു നഗരത്തിനു ചുറ്റുമുള്ള മറ്റു ഫാൻ സോണുകളിലേക്കു ടിക്കറ്റുകളും കിഴിവുകളും ലഭിക്കും. ദുബായ് ഹാർബറിലെ നഗരത്തിനു ചുറ്റുമുള്ള ഔദ്യോഗിക ഫാൻ സോണുകളായ കൊക്കകോള അരീന, ഡിഐഎഫ്‌സിയിലെ ഫുട്‌ബോൾ പാർക്ക് എന്നിവിടങ്ങളിൽ ആരാധകർക്കു മത്സരങ്ങൾ കാണുന്നതിന് ഷട്ടിൽ ബസുകൾ ഏർപ്പെടുത്തും.

ലോകകപ്പ് ടിക്കറ്റ്: അപേക്ഷകൾ ഓഗസ്റ്റ് 16ന് അവസാനിക്കും

ലോകകപ്പ് ടിക്കറ്റിനുള്ള അപേക്ഷകൾ ഒാഗസ്റ്റ് 16ന് അവസാനിക്കും. ഇതുവരെ, 18 ലക്ഷം ടൂർണമെന്റ് ടിക്കറ്റുകൾ വിറ്റു. മധ്യപൂർവദേശത്ത് നടക്കുന്ന ആദ്യ ലോകകപ്പിനുള്ള ടിക്കറ്റുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ വിൽക്കും. കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കാൻ ശ്രമിക്കുന്നവർക്കു തടയിടാൻ ഒരു മത്സരത്തിന് ഒരാൾക്കു പരമാവധി ആറു ടിക്കറ്റുകളും ടൂർണമെന്റിനായി പരമാവധി 60 ടിക്കറ്റുകളും മാത്രമേ നൽകുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്: FIFA.com .

LEAVE A REPLY

Please enter your comment!
Please enter your name here