ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് രാജസ്ഥാൻ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയത്. 126 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 3 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 15 പന്തുകൾ ബാക്കി നിൽക്കെ വിജയ റൺ കുറിക്കുകയായിരുന്നു. 48 പന്തുകളിൽ 70 റൺസെടുത്ത് പുറത്താവാതെ നിന്ന ജോസ് ബട്‌ലറാണ് രാജസ്ഥാൻ്റെ വിജയശില്പി. സ്റ്റീവ് സ്മിത്ത് (26), ബെൻ സ്റ്റോക്സ് (19) എന്നിവരും രാജസ്ഥാൻ സ്കോറിൽ സംഭാവന നൽകി. ചെന്നൈക്കായി ദീപക് ചഹാർ രണ്ട് വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ മത്സരത്തിലെ അതേ ഓപ്പണിംഗ് ജോഡികളാണ് ഈ കളിയിലും രാജസ്ഥാനു വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. നേരിട്ട ആദ്യ പന്തു മുതൽ ആക്രമിച്ചു കളിച്ച സ്റ്റോക്സ് വളരെ വേഗത്തിൽ രാജസ്ഥാൻ്റെ സ്കോർ ഉയർത്തി. എന്നാൽ ഈ ഇന്നിംഗ്സിന് അധികം ആയുസുണ്ടായില്ല. 19 റൺസെടുത്ത സ്റ്റോക്സ് ദീപക് ചഹാറിൻ്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആയി. 26 റൺസിൻ്റെ ഓപണിംഗ് കൂട്ടുകെട്ടിനൊടുവിലാണ് സ്റ്റോക്സ് മടങ്ങിയത്. സ്റ്റോക്സിൻ്റെ അഭാവത്തിൽ ആക്രമണം നടത്താനൊരുങ്ങിയ ഉത്തപ്പ (4) ജോഷ് ഹേസൽവുഡിൻ്റെ പന്തിൽ ധോണി പിടിച്ച് പുറത്തായി. മൂന്നാം നമ്പറിലെത്തിയ സഞ്ജു വന്നതും പോയതും പെട്ടെന്നായിരുന്നു. നേരിട്ട മൂന്നാം പന്തിൽ തന്നെ സഞ്ജു (0) ധോണിയുടെ കൈകളിൽ അവസാനിച്ചു. ചഹാറിനായിരുന്നു വിക്കറ്റ്.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന ബട്‌ലറും സ്മിത്തുമാണ് രാജസ്ഥാനെ പരുക്കുകൾ ഇല്ലാതെ വിജയിപ്പിച്ചത്. ധൃതി കാണിക്കാതെ സ്കോറിംഗ് ആരംഭിച്ച ഇരുവരും വിജയലക്ഷ്യം കൃത്യമായി മനസ്സിലാക്കിയാണ് ബാറ്റ് വീശിയത്. ഇന്നിംഗ്സിൻ്റെ പാതിയിൽ ഗിയർ മാറ്റിയ ബട്‌ലർ തുടർച്ചയായി മികച്ച ഷോട്ടുകൾ കളിച്ച് ഫിഫ്റ്റി തികച്ചു. 37 പന്തുകളിൽ അർദ്ധസെഞ്ചുറി നേടിയ താരം വീണ്ടും ആക്രമണം തുടർന്നു. മറുവശത്ത് സ്മിത്തും ബൗണ്ടറികൾ കണ്ടെത്തിയതോടെ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമായി. 17ആം ഓവറിലെ മൂന്നാം പന്തിൽ രാജസ്ഥാൻ വിജയം കുറിച്ചു. നാലാം വിക്കറ്റിൽ അപരാജിതമായ 97 റൺസിൻ്റെ കൂട്ടുകെട്ടാണ് സ്മിത്തും ബട്‌ലറും ചേർന്ന് കെട്ടിപ്പടുത്തത്. ബട്‌ലർ (70), സ്മിത്ത് (26) എന്നിവർ പുറത്താവാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here