ബാഴ്സലോണയുടെ മോശം കാലം തുടരുകയാണ്. ഒരിക്കല്‍ കൂടെ ബാഴ്സലോണ എല്‍ ക്ലാസികോയില്‍ പരാജയപ്പെട്ടിരിക്കുകയാണ് . ലയണല്‍ മെസ്സിയും സംഘവും സ്വന്തം നാട്ടില്‍ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് നേരിട്ടത്. ഈ പരാജയത്തോടെ തുടര്‍ച്ചയായ മൂന്ന് ലീഗ് മത്സരങ്ങളാണ് ബാഴ്സലോണ വിജയമറിയാതെ നില്‍ക്കുന്നത്.

ഇന്ന് വളരെ മികച്ച തുടക്കമായിരുന്ന എല്‍ ക്ലാസികോയ്ക്ക് ലഭിച്ചത്. മത്സരം തുടങ്ങി മിനുട്ടുകള്‍ക്കകം ബാഴ്സലോണ ഡിഫന്‍സിനെ ഞെട്ടിച്ച്‌ റയല്‍ മാഡ്രിഡ് ലീഡ് എടുത്തു. അഞ്ചാം മിനുട്ടില്‍ ബെന്‍സീമയുടെ പാസ് സ്വീകരിച്ച്‌ യുവ മിഡ്കീല്‍ഡര്‍ വാല്വെര്‍ദെ ബാഴ്സലോണ വലയില്‍ പന്ത് എത്തിച്ചു. എന്നാല്‍ ഈ ലീഡിന്റെ സന്തോഷം അധിക നേരം നിലനിന്നില്ല. എട്ടാം മിനുട്ടില്‍ തന്നെ ബാഴ്സലോണയുടെ മറുപടി വന്നു.

17കാരന്‍ അന്‍സു ഫതിയുടെ വകയായിരുന്നു ബാഴ്സലോണയുടെ സമനില ഗോള്‍. ജോര്‍ദി ആല്‍ബയുടെ ക്രോസില്‍ നിന്നാണ് ഫതി ഗോള്‍ നേടിയത്. ഫതി ഈ ഗോളോടെ എല്‍ ക്ലാസികോയില്‍ ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരമായി മാറി. ഈ ഗോളിന് ശേഷം മത്സരത്തിന്റെ വേഗത കുറഞ്ഞു. രണ്ടാം പകുതിയില്‍ ഒരു പെനാള്‍ട്ടിയില്‍ നിന്നാണ് റയലിന്റെ രണ്ടാം ഗോള്‍ വന്നത്.

റാമോസിനെ വീഴ്ത്തിയതിന് വാര്‍ പെനാള്‍ട്ടി വിധിക്കുക ആയിരുന്നു. പെനാള്‍ട്ടി എടുത്ത റാമോസ് നെറ്റോയെ കീഴ്പ്പെടുത്തി വലയില്‍ എത്തിച്ചു. ഈ ഗോളിന് ശേഷം നിരവധി അവസരങ്ങള്‍ ലീഡ് ഉയര്‍ത്താന്‍ റയല്‍ മാഡ്രിഡിന് ലഭിച്ചു എങ്കിലും എല്ലാത്തിനും തടസ്സമായി നെറ്റോ ബാഴ്സ വലക്ക് മുന്നില്‍ മികച്ചു നിന്നു. പക്ഷെ അധികം നേരം നെറ്റോയ്ക്ക് പിടിച്ചു നിക്കാന്‍ ആയില്ല.

90ആം മിനുട്ടില്‍ മോഡ്രിചിലൂടെ റയല്‍ മൂന്നാം ഗോള്‍ വന്നു. ബോക്സില്‍ നിന്ന് പന്ത് ലഭിച്ച മോഡ്രിച് ബോക്സില്‍ നൃത്തം വെച്ചാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഒന്നാമതുള്ള റയല്‍ മാഡ്രിഡ് 13 പോയിന്റില്‍ എത്തി. ഏഴു പോയിന്റ് മാത്രമുള്ള ബാഴ്സലോണ ലീഗില്‍ പത്താം സ്ഥാനത്താണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here