സംസ്ഥാനത്ത് വീണ്ടും ശനിയാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനാണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറയിച്ചു. ഈ മാസം ഒന്‍പതാം തീയതിവരെയാണ് നിയന്ത്രണം. അവശ്യ സര്‍വീസല്ലാത്ത സ്ഥാപനങ്ങള്‍ ശനിയാഴ്ച മുതല്‍ തുറക്കാനാവില്ല.

കൊവിഡ് മരണങ്ങള്‍ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ നാലിന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. ജൂണ്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂണ്‍ നാലിന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ ഏഴ് എന്നായിരുന്നു നിശ്ചയിച്ചത്. സംസ്ഥാനത്തിന് യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി. മൂന്നാം തരംഗമുണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here