എക്സ്‌പോ 2020 വേദികളിലേക്കുള്ള ഗതാഗതം കുറ്റമറ്റതാക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). നൂറുകണക്കിന് വാഹനങ്ങൾ പ്രതിദിനം സഞ്ചരിക്കുന്ന പാതകളിലെ ഗതാഗത നിയന്ത്രണത്തിന് സമഗ്ര സംവിധാനമാണ് ആർ.ടി.എ. ഒരുക്കിയിട്ടുള്ളത്. പൂർണസജ്ജമായ ഏഴ് ആർ.ടി.എ. കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. എന്റർപ്രൈസ് കമാൻഡ് ആൻഡ്‌ കൺട്രോൾ സെന്റർ, ദുബായ് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്റർ, റെയിൽ ഓപ്പറേഷൻസ് കൺട്രോൾ സെന്റർ, ബസ് ഓപ്പറേഷൻ കൺട്രോൾ സെന്റർ, ദുബായ് ടാക്സി കൺട്രോൾ ആൻഡ്‌ ഡേറ്റ അനാലിസിസ് സെന്റർ, ഇലക്‌ട്രോണിക് സെക്യൂരിറ്റി സെന്റർ, എക്സ്‌പോ ഓപ്പറേഷൻസ് സെന്റർ എന്നിവയാണവ. നഗരത്തിലെ ഓരോ വാഹനചലനവും റഡാർ സംവിധാനത്തിലൂടെ കൃത്യമായി കാണാനും ഏതെങ്കിലും വിധത്തിലുള്ള നടപടികൾ ആവശ്യമാകുന്ന സാഹചര്യത്തിൽ നടപ്പാക്കാനും ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം സഹായിക്കും.

5000 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളിലെ വാഹനചലനങ്ങൾ ആർ.ടി.എ. കേന്ദ്രങ്ങളിൽ സജ്ജമാക്കിയ സ്‌ക്രീനുകളിൽ തെളിയും. 1700 പൊതു ബസുകൾ, 10,000 ടാക്സികൾ, 54 മെട്രോ സ്റ്റേഷനുകൾ, 11 ട്രാം സ്റ്റേഷനുകൾ എന്നിവ നിരീക്ഷിക്കുന്നത്തിന് 10,000 ക്യാമറകളാണ് വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിന്റെ വിവിധയിടങ്ങളിൽ സേവനമനുഷ്ടിക്കുന്ന സംഘാംഗങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും ആർ.ടി.എ. നടപടികൾ അതിവേഗത്തിൽ കൈക്കൊള്ളുന്നു. ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നുള്ള സന്ദർശകരുടെ വലിയ നിരയാണ് എക്സ്‌പോയുടെ ഭാഗമായി നഗരത്തിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here