ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെക്കാളും കൂടുതല്‍ അവസരം എന്തുകൊണ്ട് ഋഷഭ് പന്തിന് ലഭിക്കുന്നുവെന്ന് വ്യക്തമാക്കി സഞ്ജുവിന്റെ പരിശീലകന്‍ ബിജു ജോര്‍ജ്. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടംകൈയനായതു കൊണ്ടും ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നതുകൊണ്ടുമാണ് പന്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്നാണ് ബിജു ജോര്‍ജ് പറയുന്നത്.

എതിരാളികള്‍ക്ക് മികച്ചൊരു ഇടം കൈയന്‍ സ്പിന്നറോ ലെഗ് സ്പിന്നറോ ഉണ്ടെങ്കില്‍ സ്വാഭാവികമായും ഇടം കൈയനായ ഋഷഭ് പന്തിനാവും അവസരം ലഭിക്കുക. അതുകൊണ്ടുതന്നെ സെലക്ടര്‍മാര്‍ മന:പൂര്‍വം സഞ്ജുവിനെ ഒഴിവാക്കുന്നു എന്ന് കരുതാനാവില്ല.
ടൈംമിംഗാണ് സഞ്ജുവിന്റെ കരുത്ത്. അദ്ദേഹത്തിന്റെ കളി കണ്ടാല്‍ നമുക്കത് മനസിലാവും. വമ്പനടികൾ കളിക്കുന്ന കളിക്കാരനല്ല സഞ്ജു. പക്ഷെ ടൈമിംഗ് കൊണ്ട് വലിയ ഇന്നിംഗ്സുകള്‍ കളിക്കാനാവും. അതാണ് സഞ്ജുവിനെ വ്യത്യസ്തനാക്കുന്നതും. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്ജു നേടിയ സെഞ്ചുറി നോക്കിയാല്‍ ഇക്കാര്യം മനസിലാവും. ടീമിന് യോജിച്ച കളിക്കാരെ തിരഞ്ഞെടുക്കുന്നത് ടീം മാനേജ്മെന്റിനെ സംബന്ധിക്കുന്ന കാര്യമാണ്. ക്യാപ്റ്റനും പരിശീലകനുമാണ് അക്കാര്യം തീരുമാനിക്കേണ്ടത്. പന്തിന് അവസരം ലഭിക്കുന്നതും സഞ്ജുവിന് ലഭിക്കാത്തതും മനപ്പൂര്‍വ്വമാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here