ലുലു ഗ്രൂപ്പില്‍ നിക്ഷേപത്തിന് ഒരുങ്ങി സൗദി അറേബ്യ രാജകുടുംബത്തിന്‍റെ അധ്യക്ഷതയിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്. നിക്ഷേപങ്ങളുടെ ഔദ്യോഗികമായ വിശദാംശങ്ങളോ വിശദീകരണങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ മികച്ച കമ്ബനികളില്‍ നിക്ഷേപം നടത്തുന്ന സൗദി ധനമന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ അധ്യക്ഷന്‍ സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാനാണ്. അടുത്തിടെ മുകേഷ് അംബാനിയുടെ റിലയന്‍സിലടക്കം നിക്ഷേപം നടത്താന്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ കമ്ബനികളില്‍ മധ്യപൂര്‍വദേശത്തെ രാജകുടുംബങ്ങള്‍ നിക്ഷേപങ്ങള്‍ നടത്താന്‍ തയാറാകുന്നതും ഏറെ ശ്രദ്ധേയമാണ്.

മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ റീട്ടെയില്‍ ശ്രംഖലയാണ് എം.എ.യൂസഫലിയുടെ ലുലു ഗ്രൂപ്പ്. 22 രാജ്യങ്ങളിലായി 194 ഹൈപ്പര്‍മാര്‍ക്കറ്റുകളടക്കമുള്ള കമ്ബനിയുടെ വിറ്റുവരവ് 56,000 കോടിരൂപയാണ്. 55,000 ജീവനക്കാരാണ് കമ്ബനിയിലുള്ളത്. റീട്ടെയിലിന് പുറമെ ഭക്ഷ്യസംസ്കരണം, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലും ലുലു ഗ്രൂപ്പിന്‍റെ സാന്നിധ്യമുണ്ട്. ജോര്‍ഡാന്‍, മൊറോക്കോ, ഇറാഖ് രാജ്യങ്ങളില്‍ ലുലു പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത സ്ഥിരീകരിക്കാന്‍ ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ തയാറായില്ല. ഊഹാപോഹങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

അബുദാബി സര്‍ക്കാരിന്‍റെ കീഴിലുളള എ.ഡി.ക്യൂ. അടുത്തിടെ 8000 കോടി രൂപ ലുലു ഗ്രൂപ്പില്‍ നിക്ഷേപിച്ചിരുന്നു. കോവിഡ് സമയത്തെ ഈ നിക്ഷേപം മധ്യപൂര്‍വദേശത്തെ ബിസിനസ് മേഖലയ്ക്ക് മികച്ച ഉണര്‍വാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here