സൗദി അറേബ്യ വൈദ്യുതി ഉല്‍പാദന മേഖലയില്‍ എണ്ണ ഉപഭോഗം കുറക്കുന്നതിന് പദ്ധതികളാവിഷ്‌കരിക്കുന്നു. ഊര്‍ജ്ജ മന്ത്രാലയമാണ് എണ്ണയിതര ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനാണ് പദ്ധതി.

ഊര്‍ജ്ജ വകുപ്പ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. രാജ്യത്ത് വൈദ്യുതി ഉല്‍പാദനത്തിന് നിലവില്‍ എണ്ണയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് കുറച്ച് കൊണ്ടു വരാനുള്ള നടപടികള്‍ക്കാണ് മന്ത്രാലയം തുടക്കം കുറിച്ചത്. വൈദ്യുതോല്‍പാദനത്തിന്റെ പകുതി പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും കണ്ടെത്തും.

ബാക്കിയുള്ളവ പ്രകൃതി വാതകം വഴി ഉല്‍പ്പാദിപ്പിക്കുവാനുമാണ് പദ്ധതി. ഇതിനായി പുതിയ വൈദ്യുത നിലയങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കുന്നതിനും പദ്ധതികളാവിഷ്‌കരിച്ചതായി മന്ത്രി പറഞ്ഞു. വൈദ്യുതി മേഖലയില്‍ അടുത്തിടെ നടപ്പിലാക്കിയ സമൂല മാറ്റങ്ങളെ കുറിച്ച് വിവരിക്കുന്നതിന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ മാറ്റത്തിന് ഊര്‍ജ്ജ മന്ത്രാലയം ഒറ്റക്കായിരിക്കില്ല പ്രവര്‍ത്തിക്കുക. പകരം ഇതര മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പദ്ധതികള്‍ക്ക് തുടക്കമിടുക. ആശയങ്ങള്‍ ക്രോഡീകരിക്കുന്നതിന് ഇലക്ട്രിസിറ്റി കമ്പനി, ജല മന്ത്രാലയം, വ്യവസായ മന്ത്രാലയം എന്നീ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here