ജിദ്ദ സെൻട്രൽ പദ്ധതിയിലൂടെ ജിദ്ദയുടെ മുഖച്ഛായ മാറുന്നു. 75 ബില്യൻ റിയാലിന്റെ നിക്ഷേപത്തോടെ 5.7 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. സൗദി കിരീടാവകാശിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഡയറക്ടർ ബോർഡ് ചെയർമാനും ജിദ്ദ സെൻട്രൽ ഡെവലപ്മെന്റ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് പ്രഖ്യാപനം നടത്തിയത്.

സെൻട്രൽ ജിദ്ദ വികസന പദ്ധതിക്ക് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും സൗദി അറേബ്യക്കകത്തുനിന്നും വിദേശങ്ങളിൽ നിന്നുമുള്ള നിക്ഷേപകരും പണം മുടക്കും. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളും നഗരങ്ങളും വികസിപ്പിക്കാനുള്ള കിരീടാവകാശിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ജിദ്ദ മാസ്റ്റർ പ്ലാനിന്റെയും പ്രധാന ഫീച്ചറുകളുടെയും ആരംഭം. ജിദ്ദയുടെ ഹൃദയഭാഗത്ത് ചെങ്കടലിനെ അഭിമുഖീകരിക്കുന്ന ലോകോത്തര ലക്ഷ്യസ്ഥാനം സൃഷ്ടിക്കാനും നഗരത്തിന്റെ സമ്പത്ത് വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനും പദ്ധതി വിഭാവനം ചെയ്യുന്നു.

2030 ഓടെ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് 4,700 കോടി റിയാലിന്റെ അധികമൂല്യം നൽകാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഓപ്പറ, മ്യൂസിയം, സ്റ്റേഡിയം, സമുദ്രതടങ്ങൾ-പവിഴപ്പുറ്റ് ഫാമുകൾ എന്നീ നാലു പ്രധാന അടയാളങ്ങളും മറ്റു പത്തിലേറെ വിനോദ, ടൂറിസം പദ്ധതികളും അടങ്ങിയതാണ് പദ്ധതി. ടൂറിസം, സ്‌പോർട്‌സ്, സാംസ്‌കാരികം, വിനോദം, പാർപ്പിട പ്രദേശങ്ങളുടെ നിർമാണം എന്നീ മേഖലകളുടെ വികസനത്തിലും പ്രവർത്തനത്തിലും സ്വകാര്യ മേഖലക്ക് പങ്കാളിയാകാനുള്ള വഴി പദ്ധതി തുറക്കും.

പദ്ധതി പ്രദേശത്ത് 17,000 പാർപ്പിട യൂണിറ്റുകളും 2700 ലേറെ മുറികൾ ലഭ്യമാക്കുന്ന ഹോട്ടലുകളും നിർമിക്കും. ലോകോത്തര നിലവാരത്തിലുള്ള മറീന, ബീച്ച് റിസോർട്ടുകൾ, ആഢംബര ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കഫേകൾ, വിവിധ ഷോപ്പിംഗ് ഓപ്ഷനുകൾ എന്നിവയും പദ്ധതിയിൽ അടങ്ങിയിരിക്കുന്നു. ബിസിനസ് മേഖലക്കുള്ള സംയോജിത പരിഹാരങ്ങൾ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here