സൗദിയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ഇളവ് നല്‍കും. നിലവിലുള്ള മുഴുസമയ കര്‍ഫ്യു അവസാനിക്കുന്ന വ്യാഴാഴ്ച മുതലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുകയെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെയും രോഗ മുക്തിയുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക.

സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅയാണ് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ് സംബന്ധിച്ച സൂചന നല്‍കിയത്. നിലവിലെ മുഴുസമയ കര്‍ഫ്യു അവസാനിക്കുന്ന വ്യാഴാഴ്ച മുതല്‍ പുതിയ ആരോഗ്യ നയമാണ് രാജ്യം സ്വീകരിക്കുക. കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടത്തുന്നതിന് വേണ്ട പദ്ധതികള്‍ക്ക് രൂപം നല്‍കും. അതിവേഗം പരിശോധനകള്‍ പൂര്‍ത്തീകരിക്കുന്നതിനും ഗുരുതരവസ്ഥയിലുള്ളവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സ ഉറപ്പ് വരുത്തുന്നതിനും പുതിയ നയത്തില്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളിലും വര്‍ധനവ് വരുത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

രാജ്യത്ത് നിന്ന് കോവിഡ് മുക്തമാകുന്നത് വരെ ഈ ഒരു പ്രക്രിയയായിരിക്കും സ്വീകരിക്കുകയെന്നും ഇത് സംബന്ധിച്ച കൂടുതല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പെരുന്നാളിന്റെ തലേന്ന് മുതല്‍ രാജ്യത്ത് മുഴു സമയ കര്‍ഫ്യു നിലനില്‍ക്കുകയാണ്. ഈദ് അവധി ദിനങ്ങള്‍ അവസാനിക്കുന്ന ബുധനാഴ്ച വരെയാണ് നിലവില്‍ മുഴുസമയ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here