പടിപടിയായി ഉംറ തീര്‍ഥാടനവും സിയാറത്തും പുനരാരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മൂന്നാം ഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഏറ്റവും ചുരുങ്ങിയത് രണ്ടര ലക്ഷം തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹജ്, ഉംറ ദേശീയ കമ്മിറ്റി അംഗവും മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സിനു കീഴിലെ ഹോട്ടല്‍ കമ്മിറ്റി അംഗവുമായ ഹാനി അലി അല്‍ഉമൈരി പറഞ്ഞു. വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിച്ച്‌ സേവനങ്ങള്‍ നല്‍കാന്‍ 531 ഉംറ സര്‍വീസ് കമ്ബനികളും സ്ഥാപനങ്ങളും സുസജ്ജമാണ്. വിദേശ ഉംറ തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന പ്രോട്ടോകോളുകളും മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ചാണ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക.

മക്കയില്‍ ഹോട്ടല്‍, ഗതാഗത, വ്യാപാര മേഖലകളില്‍ ബിസിനസ് 25 ശതമാനം തോതില്‍ വര്‍ധിക്കാന്‍ വിദേശ തീര്‍ഥാടകര്‍ക്കുള്ള അനുമതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ വിദേശ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തുന്നതിലൂടെ ബന്ധപ്പെട്ട മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് 25 കോടി റിയാലിന്റെ വരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിദേശ ഉംറ തീര്‍ഥാടകരുടെ ബുക്കിംഗ് ആരംഭിക്കുന്നത് 6,500 ഓളം വിദേശ ഉംറ ഏജന്‍സികളും 32 സൈറ്റുകളും പോര്‍ട്ടലുകളും കാത്തിരിക്കുകയാണ്.

പ്രതിസന്ധികള്‍ കൈകാര്യം ചെയ്യല്‍, ആള്‍ക്കൂട്ട നിയന്ത്രണം, എയര്‍പോര്‍ട്ടുകളിലും ഹോട്ടലുകളിലും തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കല്‍, തീര്‍ഥാടകരുടെ വിശുദ്ധ ഹറമിലേക്കുള്ള പ്രവേശനത്തിന് മേല്‍നോട്ടം വഹിക്കല്‍, ‘ഇഅ്തമര്‍നാ’ ആപ്പ് വഴി ഉംറക്കുള്ള പെര്‍മിറ്റ് നേടല്‍ എന്നീ കാര്യങ്ങളില്‍ ഉംറ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. വിദേശ, ആഭ്യന്തര തീര്‍ഥാടകരെ സ്വീകരിക്കാന്‍ മക്കയില്‍ ശക്തമായ പശ്ചാത്തല സൗകര്യങ്ങളുണ്ട്.

മക്കയില്‍ 1,200 ലേറെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഉയര്‍ന്ന ഗുണമേന്മക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും അനുസൃതമായ 2,70,000 ലേറെ മുറികളുണ്ട്. ഉംറ തീര്‍ഥാടനവും സിയാറത്തും പുനരാരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമായിട്ടുണ്ട്. രണ്ടാം ഘട്ടത്തിലും സൗദി അറേബ്യക്കകത്തു നിന്നുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമാണ് ഉംറ അനുമതിയുള്ളത്. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലെ റൗദ ശരീഫിലും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനും ഈ ഘട്ടത്തില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നുണ്ടെന്നും ഹാനി അലി അല്‍ഉമൈരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here