മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിൽ എഴുതിയ മാറിയ ഗൾഫും ഗഫൂർക്കാ ദോസ്തും ഡോ. എം. കെ. മുനീർ പ്രകാശനം ചെയ്തു. ഗൾഫ് പ്രവാസത്തിന്റെ പുതുകാല സമവാക്യങ്ങൾ അനാവരണം ചെയ്യുന്ന കൃതി കഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം ഏറ്റുവാങ്ങി. മാറിയ കാലത്തെ ഗൾഫ് പ്രവാസത്തിന്റെ ജീവിതാവസ്ഥകളെ അനുഭവങ്ങളുടെയും അടുത്തറിവിന്റെയും പശ്ചാത്തലത്തിൽ അഭിസംബോധന ചെയ്യുന്ന ഈ പുസ്തകം പ്രവാസികൾക്കും പ്രവാസി കുടുംബങ്ങൾക്കും ഒരു പോലെ പ്രയോജനപ്പെടുമെന്ന് എം കെ മുനീർ പറഞ്ഞു. ആദ്യമായി പ്രവാസ ലോകത്തെത്തിയ തനിക്ക് പ്രവാസ ചരിത്രം പറയുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചെറുകഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം പറഞ്ഞു. എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ പുസ്തകം പരിചയപ്പെടുത്തി.

കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച മാറിയ ഗൾഫും ഗഫൂർക്ക ദോസ്തും അരനൂറ്റാണ്ട് കാലത്തെ മലയാളിയുടെ ഗൾഫ് പ്രവാസത്തെ വസ്തുതകളുടെയും സൂക്ഷ്മ വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ അനാവരണം ചെയ്യുന്നു. കോവിഡിന് മുമ്പും കോവിഡിന് ശേഷവുമുള്ള ഗൾഫ് പ്രവാസത്തിന്റെ തൊഴിൽ സാഹചര്യം, അറബു നാടുകളിൽ നടപ്പാക്കുന്ന സ്വദേശിവൽക്കരണം, പുതിയകാലം ആവശ്യപ്പെടുന്ന തൊഴിൽ നിപുണത, പ്രവാസിയുടെ സാമ്പത്തിക ഭദ്രത, പ്രവാസം കേരളത്തിലുണ്ടാക്കിയ സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക പരിവർത്തനങ്ങൾ എന്നിവയെല്ലാം പുസ്തകം ചർച്ച ചെയ്യുന്നു. പ്രകാശന ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ പി ജോൺസൻ മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here