വടക്കൻ മേഖലയിൽ ഗതാഗത രംഗത്തു വൻ മാറ്റത്തിനു വഴിയൊരുക്കി സ്കൈ പോഡ് പദ്ധതി അതിവേഗം മുന്നോട്ട്. മരുഭൂമിയിലെ സാഹചര്യങ്ങളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന സ്കൈ പോഡിന്റെ പ്രഥമ പരീക്ഷണ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയായി.

2.4 കിലോമീറ്റർ വീതമുള്ള 2 ട്രാക്കുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഒക്ടോബറിലോ നവംബറിലോ ഇതിലൊന്നു പൂർത്തിയാകും. രണ്ടാമത്തെ പാത അടുത്തവർഷം മേയിലും. വടക്കൻ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി പാതയെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. 2019ൽ പരീക്ഷണയോട്ടം തുടങ്ങിയ പദ്ധതിയുടെ ആദ്യഘട്ടം ഷാർജ എയർപോർട്ട് റോഡ് മുതൽ മുവൈല റോഡ് വരെയാണ്.

ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, താമസമേഖലകൾ എന്നിവയുള്ളതിനാലാണ് ഇവിടം തിരഞ്ഞെടുത്തത്.വടക്കൻ എമിറേറ്റുകളിൽ നിന്നുള്ള ചരക്ക് നീക്കത്തിനും കഴിയുമെന്നതിനാൽ പദ്ധതിക്കു വൻ സാധ്യതയാണുള്ളത്. ഖോർഫക്കാൻ ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകൾക്ക് പദ്ധതി ഏറെ യോജിച്ചതാണെന്ന് ഷാർജ റിസർച് ടെക്നോളജി ആൻഡ് ഇന്നവേഷൻ പാർക്ക് സിഇഒ: ഹുസൈൻ അൽ മഹ്മൂദി പറഞ്ഞു.

‘തൂങ്ങിപ്പായും’ ട്രെയിൻ

കൂറ്റൻ തൂണുകളിൽ വലിച്ചുകെട്ടിയ ഉരുക്കുവടങ്ങളിലൂടെയാണ് സ്കൈ പോഡിന്റെ യാത്ര. വടങ്ങളിലൂടെ ഭാരമേറിയ വസ്തുക്കൾ പോകുമ്പോൾ വേഗം കുറയുമെന്ന വെല്ലുവിളി ഇതിനില്ലെന്ന് പദ്ധതിയുടെ പങ്കാളികളായ യു സ്കൈ ട്രാൻസ്പോർട് ചീഫ് എക്സിക്യൂട്ടീവ് ഒലഗ് സരെറ്റ്സ്കി പറഞ്ഞു. റെയിൽപാതയിലൂടെ ട്രെയിൻ പോകുന്ന അതേ ഒഴുക്കോടെ യാത്ര ചെയ്യാം. സ്റ്റേഷനുകളും ഉണ്ടാകും.വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനത്തിൽ കുറഞ്ഞ ചെലവിൽ കൂടുതൽ സുരക്ഷിതമായി സഞ്ചരിക്കാം. ഗതാഗത മേഖലയിലെ ഇതര പദ്ധതികളെ അപേക്ഷിച്ചു ചെലവും ബുദ്ധിമുട്ടും കുറവാണ്.

മോഡലുകൾ പലവിധം

2 തരം പോഡുകളാണ് പരിഗണനയിൽ. 14 പേർക്കു കയറാവുന്ന ചെറിയ പോഡും 75 പേർക്കുള്ള വലിയ പോഡും. വലിയ പോഡിന് മണിക്കൂറിൽ 500 കിലോമീറ്റർ വരെ വേഗത്തിൽ പോകാനാകും. സുരക്ഷിതമായി 100 വർഷം വരെ പാത ഉപയോഗിക്കാനാകുമെന്നു വിദഗ്ധർ പറയുന്നു.

വിവിധ മോഡലുകൾക്കും സാധ്യതയുണ്ട്. 4 പേർക്കു കയറാവുന്ന യു കാർ, 16 പേർക്കു കയറാവുന്ന യു ബസ്, ടെയിനുകൾ പോലെ ബോഗികളുള്ള മോഡൽ എന്നിവ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക് ചെയിൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തും.

സുഖയാത്ര, സുരക്ഷിതയാത്ര

സ്കൈ പോഡിന്റെ ഇലക്ട്രിക് മോട്ടർ സൗരോർജം ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം.

കേബിൾ പദ്ധതിയായതിനാൽ ഭൂമി നഷ്ടപ്പെടില്ല. ഗ്രാമീണ മേഖലകളിലെ ഹരിത പദ്ധതികളെ ബാധിക്കില്ല.

റോഡിലെ ഗതാഗതക്കുരുക്കിൽ നിന്നു യാത്രക്കാർക്കു മോചനം. സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ കഴിയും.

പുതിയ റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണിക്കും വേണ്ടിവരുന്ന തുകയെ അപേക്ഷിച്ച് ചെലവു കുറവ്. കാറുകളേക്കാൾ ഇന്ധനച്ചെലവും കുറവ്.

കാർഗോ പോഡുകൾക്ക് 25 ടൺ ഭാരം വരെ വഹിച്ച് മണിക്കൂറിൽ 36 കിലോമീറ്റർ വേഗത്തിൽ പോകാം. റോഡുകളിൽ ട്രക്കുകളുടെ തിരക്ക് ഒഴിവാക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here