അടുത്ത വർഷത്തേക്ക് 32.40 ശതകോടി ദിർഹമിന്റെ ബജറ്റിന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. എമിറേറ്റിന്റെ സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും മത്സരക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിടുന്ന ബജറ്റാണിത്. സാമ്പത്തികം, സാമൂഹികം, ശാസ്ത്രീയം, സാംസ്കാരികം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിൽ വികസന നിർദേശങ്ങൾ ബജറ്റിൽ അവതരിപ്പിച്ചുണ്ട്. അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പൗരന്മാർ, താമസക്കാർ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കും. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ബജറ്റിൽ 12 ശതമാനം കുറവുണ്ടെന്ന് ഷാർജ ധനകാര്യ വകുപ്പ് അറിയിച്ചു.