ഉത്സവപ്പൊലിമയോടെ 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ശനിയാഴ്ച സമാപിച്ചു. ഷാർജ എക്സ്പോ സെന്ററിലെ അക്ഷരോത്സവത്തിൽ വിജ്ഞാനവും വിനോദവുമായി പുസ്തകങ്ങളിലൂടെ യാത്ര നടത്തിയവർ ലക്ഷങ്ങളാണ്.

81 രാജ്യങ്ങളിൽ നിന്നായി 1559 പ്രസാധകർ ഒന്നരക്കോടി പുസ്തകങ്ങളുമായി മേളയിൽ പങ്കെടുത്തു. ഇന്ത്യയിൽനിന്ന് ‘മാതൃഭൂമി’ ഉൾപ്പെടെ 83 പ്രസാധകരുണ്ടായിരുന്നു.

ഇന്ത്യക്കാരായ സന്ദർശകരിൽ ഭൂരിഭാഗവും മലയാളികളാണ്. കുടുംബങ്ങളായെത്തിയ മലയാളികൾ വാങ്ങിയത് കുട്ടികൾക്കുള്ള പുസ്തകങ്ങൾമുതൽ ഇതിഹാസങ്ങളും പുരാണങ്ങളും വരെയാണ്. മലയാളത്തിൽനിന്ന് കഥ, കവിത, ചരിത്രം, വൈജ്ഞാനികസാഹിത്യം, യാത്രാവിവരണം തുടങ്ങിയവയെല്ലാം ചൂടപ്പംപോലെ വിറ്റഴിഞ്ഞു.

ഇന്ത്യൻ പവിലിയനിലെ മാതൃഭൂമി ബുക്സ് സ്റ്റാളിൽ മികച്ച വിൽപ്പനയാണ് നടന്നത്. സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’ അടക്കം പല കൃതികളും അതിവേഗം വിറ്റഴിഞ്ഞു. എം.പി. വീരേന്ദ്രകുമാർ, എം.ടി., ടി. പത്മനാഭൻ എന്നിവരുടെ രചനകൾക്ക് പതിവുപോലെ ഷാർജ പുസ്തകോത്സവത്തിൽ പ്രിയംകൂടുതലായിരുന്നു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം വൻ വിജയമാക്കാൻ പ്രയത്നിച്ച വായനക്കാർക്കും മേളയുടെ വാർത്തകൾ ജനങ്ങളിലെത്തിച്ച മാധ്യമങ്ങൾക്കും ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി നന്ദിപറഞ്ഞു.

സമാപനദിവസമായ ശനിയാഴ്ചയും പ്രവാസി എഴുത്തുകാരുടെ ഒട്ടേറെ മലയാളപുസ്തകങ്ങൾ പ്രകാശിതമായി. റൈറ്റേഴ്‌സ് ഫോറത്തിൽ ഇടംകിട്ടാത്തതിനാൽ വിവിധ സ്റ്റാളുകളിലും പുസ്തകപ്രകാശനങ്ങൾ സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here