കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ഷാര്‍ജയില്‍ കഴിഞ്ഞ ഒരു മാസം പിഴ ചുമത്തിയത് 5,432 പേര്‍ക്ക്. സെപ്തംബറില്‍ മാത്രമാണ് ഇത്രയധികം ആളുകള്‍ക്ക് ഷാര്‍ജ പൊലീസ് പിഴ ചുമത്തിയത്.

കൊവിഡ് പ്രതിരോധത്തിനായി നിയമലംഘനം തടയുക എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിനിന്റെ ഭാഗമാണിതെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് സിരി അല്‍ ഷംസിയെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. 26 തരം നിയമലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതലായി പിഴ ചുമത്തിയിട്ടുള്ളത് പൊതുസ്ഥലങ്ങളിലും ഷോപ്പിങ് മാളുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമാണെന്ന മേജര്‍ ജനറല്‍ അല്‍ ഷംസി പറഞ്ഞു.

കാറുകളില്‍ മൂന്നുപേരില്‍ കൂടുതല്‍ യാത്രക്കാരുമായി സഞ്ചരിച്ചതിനും പിഴ ചുമത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് സഹകരിക്കണമെന്നും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നും ഷാര്‍ജ പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here