സംരംഭകർക്കും യുവജനങ്ങൾക്കും കൂടുതൽ അവസരങ്ങളൊരുക്കി സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സംരംഭകർക്ക് പുതിയ അറിവുകളും അവസരങ്ങളും ലഭ്യമാക്കുന്ന ‘സ്കിൽ അപ് അക്കാദമി’, വിവിധ രംഗങ്ങളിൽ മികവ് പുലർത്തുന്നവർക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള ‘സ്കെയിൽ അപ് പ്ലാറ്റ്ഫോം’, നിക്ഷേപ അവസരങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭ്യമാക്കുന്ന ‘ഗ്രോ ഇൻ യുഎഇ’ പോർട്ടൽ എന്നിവയ്ക്കാണു തുടക്കമിട്ടത്.

ദുബായ് എമിറേറ്റിൽ കഴിഞ്ഞവർഷം തുടങ്ങിയ ‘സ്കെയിൽ അപ് ദുബായ് പ്രോഗ്രാം’ വൻ വിജയമായിരുന്നു. സാമ്പത്തിക മന്ത്രാലയം രൂപം നൽകിയ പദ്ധതികൾ ഷെയ്ഖ് മുഹമ്മദ് വിലയിരുത്തി. കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താൻ സഹായിക്കും.

സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളെയും പുതിയ അവസരങ്ങളെയും കുറിച്ചുള്ള രാജ്യാന്തര നിക്ഷേപക സംഗമം അടുത്ത മാർച്ചിൽ നടത്താനും തീരുമാനിച്ചു.

കമ്പനികളുടെ വളർച്ച, പുതിയ സംരംഭകർക്ക് അവസരം, രാജ്യാന്തര സാധ്യതകൾ പരിചയപ്പെടുത്തുകയും സാങ്കേതിക വിദ്യകൾ പഠിപ്പിക്കുകയും ചെയ്യുക, നടപടികൾ വേഗത്തിലും സുതാര്യമായും പൂർത്തിയാക്കാൻ കഴിയുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങളാണ് സ്കിൽ അപ് അക്കാദമി, സ്കെയിൽ അപ് പ്ലാറ്റ്ഫോം, ഗ്രോ യുഎഇ എന്നിവയ്ക്കുള്ളത്.

ചെറുകിട-ഇടത്തരം സംരംഭകർക്ക് സഹായകമാകുന്നതിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കും. വിദേശ യുവസംരംഭകർക്കും അവസരമുണ്ടാകും. മികച്ച ആശയങ്ങളുമായെത്തുന്നവർക്ക് പ്രോത്സാഹനവും സഹായവും നൽകും.

സാമ്പത്തിക വളർച്ചയ്ക്ക് ‘ഗ്രോത്ത് ലാബ്’

നയപരിപാടികൾ, വികസന മാതൃകകൾ, സാങ്കേതിക മുന്നേറ്റങ്ങൾ തുടങ്ങിയവയുടെ സമഗ്ര വിവരശേഖരം തയാറാക്കാനും ഗവേഷണം നടത്താനും യുഎഇ ഗ്രോത്ത് ലാബിനും തുടക്കമിട്ടു.

യുഎഇ, സായിദ് സർവകലാശാലകൾ, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ, ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി എന്നിവയുടെ സഹകരണത്തോടെയാണിത്. നൂതന ആശയങ്ങളിലും സാങ്കേതിക വിദ്യകളിലും അധിഷ്ഠിതമായ വികസനം ലക്ഷ്യമിടുന്ന 4–ാം വ്യവസായ വിപ്ലവത്തിന്റെ ഭാഗമായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും ചെറുകിട- ഇടത്തരം സംരംഭകർക്കു മാർഗനിർദേശങ്ങൾ നൽകുന്നതും ലാബിന്റെ ചുമതലയാണ്.

ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കാബിനറ്റ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി, സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, ഒൻട്രപ്രണർഷിപ് സഹമന്ത്രി ഡോ. അഹമ്മദ് ബെൽഹൗൾ അൽ ഫലാസി, വിദേശവ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി എന്നിവരും പങ്കെടുത്തു.

ലക്ഷ്യങ്ങൾ, നേട്ടങ്ങൾ

തൊഴിൽ സാധ്യതകൾ വർധിപ്പിക്കുക, സമ്പദ്ഘടനയുടെ വളർച്ച ത്വരിതപ്പെടുത്തുക, വരുമാനം കൂട്ടുക, ജീവിത നിലവാരം ഉയർത്തുക, മികവുറ്റ യുവനിരയെ ആകർഷിക്കുക, ഭാവിയിലെ വെല്ലുവിളികൾ നേരിടുക.

സ്റ്റാർട്ടപ്പുകൾക്ക് മാർക്കറ്റിലെ മാറ്റങ്ങൾ, നിയമകാര്യങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് അവബോധം നൽകുകയും പ്രമുഖ കമ്പനികളുമായി സഹകരിക്കാൻ അവസരമൊരുക്കുകയും ചെയ്യുക.

ഭാവിയിലെ സ്മാർട് പദ്ധതികൾക്കു രൂപം നൽകാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ 9 സ്റ്റാർട്ടപ്പുകളുമായി ദുബായ് സഹകരിക്കുന്നുണ്ട്. ദുബായ് പൊലീസ്, ആർടിഎ, ടെലികോം കമ്പനിയായ ഇത്തിസലാത്ത് എന്നിവയുമായാണ് പ്രധാന സഹകരണം.

യോഗ്യതയും കഴിവുമുള്ളവരെ സ്വാഗതം ചെയ്യുന്നെന്നും മികച്ച അവസരങ്ങളാണ് ഇവരെ കാത്തിരിക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പുതിയ അവസരങ്ങൾ കണ്ടെത്തി സാമ്പത്തിക മുന്നേറ്റത്തിനു വഴിയൊരുക്കും. കോവിഡ് സാഹചര്യങ്ങൾ രാജ്യാന്തര തലത്തിൽ മാറ്റങ്ങൾക്കു വഴിയൊരുക്കി. പുതിയ നയപരിപാടികൾ ആവഷ്കരിച്ചു. പദ്ധതികൾക്കു തുടക്കമിട്ടു. സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കും വളർച്ചയ്ക്കും ഇത് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി-ഷെയ്ഖ് മുഹമ്മദ്.

LEAVE A REPLY

Please enter your comment!
Please enter your name here