വരുന്ന ഐപിഎല്‍ സീസണു മുന്നോടിയായി ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് പുറത്താക്കുമെന്ന് സൂചന. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ ആരൊക്കെയാണെന്നറിയിക്കേണ്ട അവസാന തീയതി ജനുവരി 20 ആണ്. ഈ തീയതിക്ക് മുന്‍പ് സ്മിത്തിന്‍്റെ കാര്യത്തില്‍ രാജസ്ഥാന്‍ മാനേജ്മെന്റ് തീരുമാനമെടുക്കുമെന്നാണ് വിവരം.

സ്മിത്തിനു പകരം ഒരു ഇന്ത്യന്‍ താരത്തെ ക്യാപ്റ്റന്‍ സ്ഥാനം ഏല്പിക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണാവും കൂടുതല്‍ സാധ്യത. 2013 മുതല്‍ റോയല്‍സിലുള്ള താരം ടീമിന്റെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിലും ഉള്‍പ്പെട്ടിരുന്നു. ബെന്‍ സ്റ്റോക്സ്, ജോസ് ബട്‌ലര്‍, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, പരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് എന്നിവരാണ് ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ ഉള്ളത്. സ്റ്റോക്സ്, ബട്‌ലര്‍ എന്നിവര്‍ സീസണ്‍ മുഴുവന്‍ ഉണ്ടാവുമോ എന്ന സംശയമാണ് സഞ്ജുവിന് നറുക്കു വീഴാനുള്ള കാരണം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ ക്യാപ്റ്റനായ സഞ്ജു ഇന്നലെ ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here