എസ്‌.പി. ബാലസുബ്രഹ്‌മണ്യം അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പു മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയെങ്കിലും ഇതുവരെ പാടിയിട്ടുള്ളത്‌ 116 ഗാനങ്ങള്‍ മാത്രം. മൊഴിമാറ്റി മലയാളത്തിലിറങ്ങിയ ശങ്കരാഭരണത്തിലൂടെയാണ്‌ ഭൂരിഭാഗം മലയാളികളും എസ്‌.പി.ബിയെ അടുത്തറിഞ്ഞത്‌. എന്നാല്‍, അതിനു മുന്‍പുതന്നെ അദ്ദേഹം മലയാളത്തില്‍ സജീവമായിരുന്നു.

എസ്‌.പി.ബി. ആദ്യമായി മലയാളത്തിലേക്കെത്തുന്നത്‌ ജി.ദേവരാജന്റെ ചിത്രത്തിനു വേണ്ടിയായിരുന്നു. 1969-ല്‍ പുറത്തിറങ്ങിയ കടല്‍പ്പാലം എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി ദേവരാജന്‍ ഈണമിട്ട ഈ കടലും മറുകടലും എന്ന പാട്ടിലുടെ എസ്‌.പി.ബി. മലയാളത്തില്‍ തുടക്കം കുറിക്കുകയായിരുന്നു. എ.ആര്‍. റഹ്‌മാന്റെ അച്‌ഛനായ ആര്‍.കെ. ശേഖറിന്റെ നീല സാഗര തീരം എന്ന രണ്ടാം ഗാനത്തിലൂടെ എസ്‌.പി.ബി. മലയാളത്തില്‍ സ്‌ഥാനമുറപ്പിച്ചു. പിന്നീട്‌ 1973-ല്‍ പുറത്തിറങ്ങിയ കവിത എന്ന ചിത്രത്തില്‍ കെ. രാഘവനു വേണ്ടിയും പാടി.

1980-കളിലും 1990-കളിലും എസ്‌.പി.ബിയുടെ വ്യത്യസ്‌തങ്ങളായ ഗാനങ്ങള്‍ മലയാളത്തില്‍ ഹിറ്റുകളായി. റാംജി റാവു സ്‌പീക്കിങ്ങിലെ കളിക്കളം ഇത്‌ കളിക്കളം, അനശ്വരത്തിലെ താരാപഥം ചേതോഹരം, കിലുക്കത്തിലെ ഊട്ടിപ്പട്ടണം, ഗാന്ധര്‍വത്തിലെ നെഞ്ചില്‍ കഞ്ചബാണം, ഒരു യാത്രാമൊഴിയിലെ കാക്കാല കണ്ണമ്മ, ഡാര്‍ലിങ്‌ ഡാര്‍ലിങ്ങിലെ ഡാര്‍ലിങ്‌ ഡാര്‍ലിങ്‌, ദോസ്‌തിലെ വാനം പോലെ വാനം മാത്രം, സി.ഐ.ഡി. മൂസയിലെ മേനെ പ്യാര്‍ കിയാ തുടങ്ങിയ പാട്ടുകള്‍ എസ്‌.പി.ബിയുടെ സ്വരത്തിലുടെ ഹിറ്റുകളായി.

എസ്‌.പി.ബി. അവസാനമായി മലയാളത്തില്‍ പാടിയത്‌ 2018-ല്‍ പുറത്തിറങ്ങിയ കിണര്‍ എന്ന ചിത്രത്തിലാണ്‌. എം. ജയചന്ദ്രന്റെ സംഗീതത്തില്‍ വിരിഞ്ഞ അയ്യാ സാമി എന്ന ഗാനത്തില്‍ അദ്ദേഹത്തോടൊപ്പം പാടിയത്‌ യേശുദാസായിരുന്നു. അതോടൊപ്പം മലയാളത്തില്‍ അവസാന ഗാനങ്ങളിലൊന്ന്‌ കോവിഡിനെതിരെയുള്ളതായിരുന്നു എന്നതും യാദൃശ്‌ചികം മാത്രമാണ്‌. കോവിഡിനെതിരെ സംസ്‌ഥാന സര്‍ക്കാരിന്റെ പ്രചാരണത്തിനായി റഫീഖ്‌ അഹമ്മദ്‌ രചിച്ച ഗാനമായിരുന്നു അത്‌.

LEAVE A REPLY

Please enter your comment!
Please enter your name here