രാഷ്ട്രീയത്തിലേക്കില്ലെന്ന് തന്റെ നിലപാട് ആരാധകരോട് ആവര്‍ത്തിച്ച്‌ നടന്‍ രജനീകാന്ത്. തന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുതെന്ന് രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ആരാധകരോട് രജനീകാന്ത് അഭ്യര്‍ഥിച്ചു. രാഷ്ട്രീയത്തില്‍ വരുന്നതിലുള്ള തന്റെ പ്രയാസത്തെക്കുറിച്ച്‌ നേരത്തേ വിശദീകരിച്ചതാണ്.

തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച്‌ എന്നെ വീണ്ടും വീണ്ടും ദയവായി വേദനിപ്പിക്കരുത്. ഇക്കാര്യത്തില്‍ തന്നില്‍ സമ്മര്‍ദം ചെലുത്തുന്നത് അവസാനിപ്പിക്കണം. ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചാണോ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് ആവശ്യപ്പെടേണ്ടത്. ഒരാളുടെ ആഗ്രഹത്തെ നിരാകരിക്കലാണത്-

ആരാധകരെ വിമര്‍ശിച്ചുകൊണ്ട് രജനീകാന്ത് പ്രസ്താവനയില്‍ പറഞ്ഞു. വളരെ അച്ചടക്കത്തോടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്. രജനി മക്കള്‍ മന്‍ട്രത്തിന്റെ തഞ്ചാവൂര്‍, രാമനാഥപുരം തുടങ്ങിയിടങ്ങളിലെ ജില്ലാ നേതാക്കള്‍ സമരത്തെ പിന്തുണച്ചിട്ടുണ്ട്.

പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ ചിത്രീകരണസംഘത്തിലുണ്ടായിരുന്ന ചിലര്‍ക്ക് കൊവിഡ് ബാധിക്കുകയും രക്തസമ്മര്‍ദ വ്യതിയാനത്തെത്തുടര്‍ന്ന് രജനീകാന്ത് ചികില്‍സ തേടുകയും ചെയ്തതോടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുളള തന്റെ തീരുമാനത്തില്‍നിന്ന് താരം പിന്‍വാങ്ങുകയായിരുന്നു.

എന്റെ ആശുപത്രിവാസം ദൈവത്തില്‍നിന്നുളള ഒരു മുന്നറിയിപ്പാണ്. മഹാമാരിക്കിടയില്‍ പ്രചാരണത്തിനിറങ്ങുന്നത് തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും- ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങിയശേഷം രജനീകാന്ത് പ്രതികരിച്ചിരുന്നു. പുതുവല്‍സരത്തില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് രജനീകാന്ത് അറിയിച്ചിരുന്നത്. ഇതില്‍നിന്ന് പിന്‍വാങ്ങിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here