മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 244 റണ്‍സിന് ഓള്‍ഔട്ട്. സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനം റിഷഭ് പന്ത്, പൂജാര എന്നിവരുടെ വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ഇതോടെ ഓസ്‌ട്രേലിയക്ക് 94 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആയി.

മൂന്നാം ദിനം കളി ആരംഭിച്ചപ്പോള്‍ ആദ്യ സെഷനില്‍ രഹാനെ, വിഹാരി എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. എന്നാല്‍ പൂജാരയും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോയി. എന്നാല്‍ ഉച്ചഭക്ഷണത്തിന് പിന്നാലെ 36 റണ്‍സ് എടുത്ത് നിന്ന റിഷഭ് പന്തിനെ ഹെയ്‌സല്‍വുഡ് വീഴ്ത്തി.

ഇന്ത്യന്‍ സ്‌കോര്‍ 195-5ല്‍ നില്‍ക്കുമ്ബോഴാണ് റിഷഭ് പന്ത് മടങ്ങിയത്. അതേ സ്‌കോറില്‍ നില്‍ക്കെ അര്‍ധ ശതകം തികച്ച്‌ നിന്ന പൂജാരയെ കമിന്‍സ് കുടുക്കി. 176 പന്തില്‍ നിന്ന് 50 റണ്‍സ് എടുത്താണ് പൂജാര മടങ്ങിയത്. 10 റണ്‍സ് എടുത്ത അശ്വിനെ കമിന്‍സ് റണ്‍ഔട്ട് ആക്കിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ കൈവിട്ടു.

മൂന്ന് റണ്‍സ് എടുത്ത സെയ്‌നി പുറത്തായതിന് പിന്നാലെ റണ്‍ എടുക്കും മുന്‍പ് ബൂമ്രയെ ലാബുഷെയ്ന്‍ റണ്‍ഔട്ട് ആക്കി. മുഹമ്മദ് സിറാജിനേയും കൂട്ടുപിടിച്ച്‌ രവീന്ദ്ര ജഡേജ അവസാന വിക്കറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും സിറാജിനെ വീഴ്ത്തി കമിന്‍സ് ഇന്ത്യയുടെ പ്രതിരോധം അവസാനിപ്പിച്ചു. കമിന്‍സ് നാല് വിക്കറ്റും ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here