കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയ ആതിഥേയരാകുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവെയ്ക്കാൻ സാധ്യത. ഇതുസംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് അടുത്ത ആഴ്ച്ച ഉണ്ടായേക്കും. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്.

അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ലോകകപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാൽ ലോകകപ്പിന് തൊട്ടുപിന്നാലെ ഏപ്രിലിൽ അടുത്ത വർഷത്തെ ഐ.പി.എൽ നടത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ട്വന്റി-20 ക്രിക്കറ്റിന്റെ ആധിക്യം കാണികളെ അകറ്റുമോ എന്ന ആശങ്ക സംപ്രേഷണാവകാശമുള്ള സ്റ്റാർ സ്പോർട്സിനുണ്ട്. ഇതോടൊപ്പം അടുത്തവർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കേണ്ട ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തേയും ഇത് ബാധിക്കും. ഐ.സി.സി മത്സരങ്ങളുടേയും ഐ.പി.എല്ലിന്റേയും ഇന്ത്യയുടെ മത്സരങ്ങളുടേയും ഔദ്യോഗിക സംപ്രേക്ഷകർ സ്റ്റാർ സ്പോർട്സാണ്.

ഇന്ത്യയിൽ നടക്കേണ്ട 2021-ലെ ട്വന്റി-20 ലോകകപ്പ് ഓസ്ട്രേലിയക്ക് നൽകുകയും പകരം 2022-ൽ ഇന്ത്യയിൽ ട്വന്റി-20 ലോകകപ്പ് നടത്തുക എന്നതുമാണ് മറ്റൊരു സാധ്യത. എന്നാൽ ഇതുസംബന്ധിച്ച് ബി.സി.സി.ഐയിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഈ വർഷത്തെ ട്വന്റി-20 ലോകകപ്പ് 2022-ൽ ഓസ്ട്രേലിയയിൽ നടത്തുക എന്നതാണ് മറ്റൊരു വഴി. 2022-ൽ മറ്റു ഐ.സി.സി ടൂർണമെന്റുകളില്ലാത്തതിനാൽ ഇതു സാധ്യമാകുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here