വിഖ്യാത അര്‍ജന്‍റീനിയന്‍ ചലച്ചിത്ര സംവിധായകന്‍ ഫെര്‍ണാന്‍ഡോ ഇ സൊളാനസ് അന്തരിച്ചു. 84 വയസ്സായിരുന്നു . കൊവിഡ് പിടിപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പാരീസിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ( 2019) കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം സൊളാനസിന് ലഭിച്ചിരുന്നു. ഈ പുരസ്കാരം സ്വീകരിക്കാന്‍ അദ്ദേഹം നേരിട്ടെത്തിയിരുന്നു.

അര്‍ജന്‍റീനിയന്‍ വിദേശകാര്യ മന്ത്രാലയമാണ് സംവിധായകന്‍റെ മരണവാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. തനിക്കും ഭാര്യ ഏയ്ഞ്ചല കൊറിയക്കും കൊവിഡ് ബാധിച്ചതായി അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 16നാണ് അദ്ദേഹം ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. പാരീസിലെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യവും അന്നദ്ദേഹം പങ്കുവച്ചിരുന്നു. ബ്യൂണസ് അയേഴ്സില്‍ 1936ല്‍ ജനിച്ച അദ്ദേഹം ‘ല ഹൊറ ഡെ ലോസ് ഹോര്‍നോസ്’ എന്ന ഡോക്യുമെന്‍ററിയിലൂടെയാണ് സംവിധായക അരങ്ങേറ്റം നടത്തുന്നത്.

രാഷ്ട്രീയ സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്.1960കളില്‍ സൊളാനസും ഒക്ടോവിയോ ജെറ്റിനോയും ചേര്‍ന്ന് മുന്നാം ലോക സിനിമ എന്ന ആശയം സജീവമാക്കി. 1968ല്‍ അവര്‍ സംവിധാനം ചെയ്ത ദ് അവര്‍ ഓഫ് ഫര്‍ണസ് എന്ന ചിത്രം രാഷ്ട്രീയ സിനിമയുടെ ഭാവുകത്വത്തെ തന്നെ വേര്‍തിരിച്ചു. വിപ്ലാവഹ്വാനം നേരിട്ട് നടത്തുന്ന രാഷ്ട്രീയ സിനിമയായി ഇത് അടയാളപ്പെട്ടു.

നിരോധനത്തെ മറികടന്ന് ലോകസിനിമാ രംഗത്ത് ഈ സിനിമ കാഴ്ചയുടെയും ആശയസംവേദനത്തിലെയും പുതിയ വഴി വെട്ടിത്തുറന്നു. യുഎസ് , യൂറോപ് കേന്ദ്രീകൃതമായ ചലച്ചിത്ര ഭാഷയുടെയും ആഖ്യാന രൂപത്തെയും ഘടനാപരമായി ലതന്നെ മറികടന്ന ചിത്രമായി സാംസ്കാരിക രംഗം ആ സിനിമയെ വിലയിരുത്തി. ലാറ്റിനമേരിക്കന്‍ സര്‍ഗാത്മകതയുടെ സവിശേഷതകളെ സമന്വയിപ്പിച്ചവയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here