ദുബായ് ∙ യു.എ.ഇ.യിലെ മുസ്‍ലിം പള്ളികളിലെയും ക്രിസ്ത്യൻ ദേവാലയങ്ങളിലെയും പ്രാർഥനകൾ നിർത്തിവച്ചു. മുസ്‍ലിം പള്ളികൾ അടുത്ത നാലാഴ്ചത്തേയ്ക്ക് പ്രാർഥനകൾ നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കൾ രാത്രി 9 മുതലാണ് പ്രാർഥനകൾ നിർത്തുക. കോവിഡ്–19 നെതിരെ പോരാടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

അബുദാബിയിലും അലൈനിലും ക്രിസ്തീയ ദേവാലയങ്ങൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടാൻ സിഡിഎ നിർദ്ദേശം നൽകി. ഈസ്റ്റർ ശുശ്രൂഷകളും ഉണ്ടായിരിക്കില്ല.

നിലവിലെ സാഹചര്യം പരിഗണിച്ച് ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയവും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടുകയാണെന്ന് മാനേജിങ് കമ്മിറ്റി അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിൽ വൈദികൻ മാത്രം ദേവാലയത്തിൽ ശുശ്രൂഷകൾ നടത്തുമെന്നും ഇതിന്റെ സംപ്രേഷണം വെബ് കാസറ്റിലൂടെ വിശ്വാസികൾക്ക് ലഭ്യമാകുമെന്നും കമ്മിറ്റി വ്യക്തമാക്കി.

ദുബായിലെ ദേവാലയങ്ങൾ അടയ്ക്കാൻ അധികൃതർ ഇതുവരെ നിർദ്ദേശം നൽകിയിട്ടില്ലെങ്കിലും മുൻകരുതലെന്ന നിലയിൽ അടച്ചിടുകയാണ് ചെയ്തത്. ഷാർജയിലെ ദേവാലയങ്ങൾ കഴിഞ്ഞ വാരം മുതൽ അടച്ചിട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here