ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിന്റെ ജോലി അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. കാശ്മീരിലെ ചെനാബ് നദിയ്ക്കു കുറുകെയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി പാലം നിര്‍മിക്കുന്നത്. കാശ്മീര്‍ താഴ്വരയെ ഇന്ത്യയുടെ മറ്റു പ്രദേശങ്ങളുായി ബന്ധിപ്പിക്കുന്ന പാലം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

അടുത്ത വര്‍ഷത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെങ്കിലും ആദ്യ ട്രെയിന്‍ യാത്ര സാധ്യമാകാന്‍ 2022 വരെ കാത്തിരിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പാലത്തിന്റെ നടുവിലെ സ്പാനിനു മാത്രം 467 മീറ്ററാണ് നീളം. നദീതടത്തില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. പാരീസിലെ ഈഫല്‍ ടവറിന്റെ ഉയരം 324 മീറ്റര്‍ മാത്രമാണ്. ലോകത്ത് ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമാണ് ഇതെന്നും മണിക്കൂറില്‍ 266 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റിനെ ചെറുക്കാന്‍ ഇതിനു സാധിക്കുമെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2022 ഡിസംബറോടു കൂടി കാശ്മീരിനെ റെയില്‍വേ വഴി ബന്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിനു മുന്നോടിയായി 25 കിലോമീറ്റര്‍ നീളം വരുന്ന ഉദ്ധംപൂര്‍ – കത്ര, 18 കിലോമീറ്റര്‍ നീളം വരുന്ന ബാനിഹര്‍ – ഖ്വാസിഗുണ്ട്, 118 കിലോമീറ്റര്‍ നീളം വരുന്ന ഖ്വാസിഗുണ്ട് – ബാരാമുള്ള പാതകള്‍ റെയില്‍വേ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.പ്രധാനന്ത്രിയുടെ വികസന പാക്കേജില്‍ നിന്നുള്ള 80,068 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം. പുതിയ റെയില്‍വേ പാതയുടെ വരവോടെ കാശ്മീര്‍ മേഖലയില്‍ ഗതാഗത സൗകര്യങ്ങള്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here