കേരളത്തിലെ ടൂറിസ്റ്റ് സെന്ററുകള്‍ മെല്ലെ ഉണരുന്നു. തേക്കടിയിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹമായി. ലോക്ക്ഡൗണിനെ തുടര്‍ന്ന് വിജനമായ ടൂറിസ്റ്റ് സെന്ററുകള്‍ ഉഷാറിലാവുന്നതോടെ ഹോട്ടലുകളിലെയും കടകളിലെയും ജീവനക്കാരുടെയും ഉടമകളുടെയും മനം തെളിയുന്നു. ദീപാവലിയ്ക്ക് കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

പ്രതിദിനം ഇപ്പോള്‍ ശരാശരി 250 ടൂറിസ്റ്റുകളാണ് എത്തുന്നത്. ഇത് 400ലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ദീപാവലി പ്രമാണിച്ച്‌ തേക്കടിയിലെ ഹോട്ടലുകളില്‍ കൂടുതലായി ബുക്കിംഗ് നടക്കുന്നുണ്ട്. വടക്കേ ഇന്ത്യയില്‍ നിന്നാണ് കൂടുതല്‍ ബുക്കിംഗുകള്‍ എത്തിയിട്ടുള്ളത്. കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നുണ്ട്. എന്നാല്‍ വിദേശ ടൂറിസ്റ്റുകള്‍ എത്തിത്തുടങ്ങിയിട്ടില്ല.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ആളനക്കമില്ലാതിരുന്ന തേക്കടി തടാകത്തില്‍ കൂടുതല്‍ ആനകളും കാട്ടുപോത്തുകളും എത്തുന്നുണ്ട്. ബോട്ടിന്റെ ഇരമ്ബല്‍ കേട്ടാലും ഇപ്പോള്‍ ഇക്കൂട്ടര്‍ വനത്തിലേക്ക് ഉള്‍വലിയുന്നില്ലായെന്ന പ്രത്യേകതയും ഉണ്ട്. കലമാനും മ്ലാവും ഏതുസമയത്തും തടാകത്തില്‍ തന്നെ ഉണ്ട്. കാട്ടുപന്നികളും കൂട്ടമായി തടാകത്തിനരികില്‍ വിഹരിക്കുന്നത് കാണാന്‍ സാധിക്കും. ഏതുസമയവും ആനക്കൂട്ടം തടാകത്തിലുണ്ടാവുമെന്ന് ബോട്ടിലെ ജീവനക്കാര്‍ പറയുന്നു.

സന്ദര്‍ശകര്‍ കൂടുതലായി എത്തുമെന്ന പ്രതീക്ഷ കൈവന്നതോടെ ഒരു ബോട്ട് കൂടി സര്‍വീസ് ആരംഭിക്കാന്‍ വനംവകുപ്പ് തീരുമാനിക്കുകയും ബുധനാഴ്ച മുതല്‍ ഒരു സര്‍വീസ് കൂടി ആരംഭിക്കുകയും ചെയ്തു. രാവിലെ 11.15നാണ് പുതിയതായി ആരംഭിച്ച സര്‍വീസ് നടത്തുന്നത്. രാവിലെ 7.30നും 9.30നും ബോട്ട് സര്‍വീസ് ഉണ്ടാവും. ലോക്ക്ഡൗണ്‍ കാലത്ത് ബോട്ട് സര്‍വീസ് പാടേ നിര്‍ത്തലാക്കിയിരുന്നു. ടൂറിസ്റ്റ് സെന്ററുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചതോടെ രണ്ട് സര്‍വീസുകളാണ് തേക്കടി തടാകത്തില്‍ ഏ‌ര്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളുടെ എണ്ണം മൂന്നായി. തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ വനംവകുപ്പിന്റെ അഞ്ച് ബോട്ടുകളും സര്‍വീസ് നടത്തുവാനുള്ള ആലോചന നടന്നുവരികയാണ്. അടച്ചിട്ടിരുന്ന പാര്‍ക്കിംഗ് ഏരിയയും തുറന്നുകൊടുത്തിട്ടുണ്ട്. ബോട്ട് സര്‍വീസ് പരിമിതപ്പെടുത്തിയതോടെ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയിരുന്നു. സന്ദര്‍ശകര്‍ കൂടുതലായി എത്തിത്തുടങ്ങിയതോടെ നിരക്ക് പഴയപടിയിലാക്കാന്‍ ആലോചന നടന്നുവരുന്നതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here