കോവിഡ് തുടങ്ങിയതിന് ശേഷമുള്ള ലോകത്തെ ഏറ്റവും വലിയ എക്‌സ്‌പോ എന്ന് വിശേഷിപ്പിക്കുന്ന എക്‌സ്‌പോ 2020 ദുബയിലേക്കുള്ള പ്രവേശന നിരക്ക് പ്രഖ്യാപിച്ചു. ഒരാള്‍ക്ക് 95 ദിര്‍ഹമാണ് നിരക്ക്. ആറു മാസത്തേയ്ക്കുള്ള പാസിന് 495 ദിര്‍ഹ മാണ് നല്‍കേണ്ടത്. ജൂലൈ 18 മുതല്‍ www.expo2020dubai.com എന്ന വെബ്‌സൈറ്റില്‍ ലോകവ്യാപകമായി ടിക്കറ്റ് ലഭിക്കും.

18 വയസിന് താഴെയുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. ഇവരെ അനുഗമിക്കുന്നവര്‍ക്ക് പ്രവേശനനിരക്കില്‍ 50% ഇളവും നല്‍കും. 60 വയസ്സിന് മുകളിലുള്ളവര്‍ക്കും സ്റ്റുഡന്റ് ഐഡിയുള്ള ലോകത്തെ ഏത് വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും സൗജന്യമാണ്. ഒന്നിലേറെ തവണ സന്ദര്‍ശിക്കുന്നതിന് 195 ദിര്‍ഹമിന്റെ മള്‍ടി എന്‍ട്രി പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ മെഗാ ഇവന്റ് നടത്തുമെന്നും അറിയിച്ചു. പവലിയനുകള്‍, ഇവന്റുകള്‍, ലൈവ് പെര്‍ഫോമന്‍സ് തുടങ്ങി എല്ലാ ഇടങ്ങളിലും ഒരേ ടിക്കറ്റില്‍ പ്രവേശനം നേടാം. വേള്‍ഡ് ക്ലാസ് മ്യൂസിക്, ഡാന്‍സ്, ആര്‍ട്ട്, പ്രഭാഷണം, ദേശീയ ദിന ആഘോഷം തുടങ്ങി 60ഓളം ലൈവ് ഇവന്റുകളാണ് ഓരോ ദിവസവും ഉണ്ടാവുക.

മധ്യപൂര്‍വദേശം, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ ആദ്യ ലോക എക്‌സ്‌പോയാണ് ഈ വര്‍ഷം ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ ദുബയില്‍ നടക്കുക. ഒഫീഷ്യല്‍ വെബ്‌സൈറ്റിന് പുറമേ 1,500 അംഗീകൃത ടിക്കറ്റ് സെല്ലര്‍മാര്‍, ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടല്‍ ഗ്രൂപ്പുകള്‍, എയര്‍ലൈനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും ടിക്കറ്റ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here