ലണ്ടൻ∙ ‘ഡക്‌വർത്ത് ലൂയിസ് നിയമ’മെന്ന ക്രിക്കറ്റിലെ മഴനിയമത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ടോണി ലൂയിസ് അന്തരിച്ചു. 78 വയസ്സായിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് ടോണി ലൂയിസിന്റെ മരണം പുറത്തുവിട്ടത്. ഗണിതശാസ്ത്ര അധ്യാപകരായ ഫ്രാങ്ക് ഡക്‌വർത്തും ടോണി ലൂയിസും ചേർന്ന് 1997ലാണ് വിഖ്യാതമായ ‘ഡക്‌വർത്ത് ലൂയിസ്’ നിയമം രൂപകൽപന ചെയ്തത്. ഇത് പിന്നീട് 1999ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഔദ്യോഗികമായി അംഗീകരിച്ചു.

പിന്നീട് 2014ൽ ഇവരുടെ മഴനിയമത്തിൽ ഓസ്ട്രേലിയൻ പ്രഫസറായ സ്റ്റീവൻ സ്റ്റേൺ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി. ആധുനിക സ്കോറിങ് രീതികളുമായി കൂടുതൽ ചേർന്നുപോകുന്ന മാറ്റങ്ങളാണ് സ്റ്റീവൻ സ്റ്റേൺ വരുത്തിയത്. തുടർന്ന് ഡക്‌വർത്ത് ലൂയിസ് എന്ന പേരിനൊപ്പം സ്റ്റീവൻ സ്റ്റേണിന്റെ പേരുകൂടി ചേർക്കപ്പെട്ടു. അങ്ങനെയാണ് ഇപ്പോഴത്തെ മഴനിയമം ‘ഡിഎൽഎസ്’ എന്ന് അറിയിപ്പെടുന്നത്.

ക്രിക്കറ്റ് മത്സരങ്ങളിൽ മഴ വില്ലനായി വരുന്ന സാഹചര്യത്തിലാണ് വിജയികളെ കണ്ടെത്താൻ പ്രത്യേക നിയമം പ്രയോഗിച്ചു തുടങ്ങിയത്. 1992 ലോകകപ്പിലെ ഇംഗ്ലണ്ട്– ദക്ഷിണാഫ്രിക്ക സെമി മത്സരമാണ് മഴ വില്ലനായ ഏറ്റവും നാടകീയ മത്സരം. 4 വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് 13 പന്തിൽ 22 റൺസ് വേണമെന്നിരിക്കെ മഴയെത്തി. ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം പിന്നീട് 7 പന്തിൽ 22 റൺസായി പുനർനിശ്ചയിച്ചു; ഒടുവിൽ ഒരു പന്തിൽ 22 റൺസായും! ദക്ഷിണാഫ്രിക്ക 20 റൺസിനു തോറ്റു. ഇതിലെ അപാകത വ്യക്തമായതോടെയാണ് ഫ്രാങ്ക് ഡക്‌വർത്ത്, ടോണി ലൂയിസ് എന്നിവർ ചേർന്ന് ഡക്‌വർത്ത് ലൂയിസ് നിയമം രൂപകൽപന ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here