സിബി

ഹത്ത/ദുബായ്‌ : തുടർച്ചയായ ദിവസങ്ങളിൽ ഒരവധി കിട്ടുന്നത് നമുക്കേവർക്കും ഒരു സന്തോഷം നൽകുന്ന കാര്യമാണ്. യുഎഇ യിൽ ഈ കഴിഞ്ഞ പെരുന്നാളിനോട് അനുബന്ധിച്ച് ഒരു നീണ്ട ഇടവേള കിട്ടിയ അവസരത്തിലാണ് ഞങ്ങൾ ഒരു ട്രിപ്പ് പോകാമെന്നു വിചാരിച്ചത്.

കുറെ അന്വേഷിച്ചതിനു ശേഷമാണ് ഹത്തയിലെ ആർട് ഹബ് എന്ന ഫാം ഹൗസ് ഞങ്ങൾ ബുക്ക് ചെയ്തത്. പെരുന്നാളിന്റെ തിരക്ക് മുന്നിൽ കണ്ട് രണ്ടാഴ്ച മുൻപു തന്നെ https://www.airbnb.ae/ എന്ന വെബ്സൈറ്റിലൂടെ ഞങ്ങൾ ഫാം ബുക്ക് ചെയ്തിരുന്നു. 1800 ദിർഹംസാണ് ആയത്. ഏഴു റൂമുകൾ ഉണ്ടായിരുന്നു.

ഹത്ത ആർട് ഹബ് ഫാം

ദുബായ് നഗരത്തിന് തെക്ക് കിഴക്ക് 125 കി.മി അകലെയാണ് ഒമാന്റെ അതിർത്തിയായ ഹത്ത. എസ് 112 പിടിച്ച് മലീഹ റോഡ് വഴി ഇ-102 ലൂടെ പോയാൽ ഒന്നര മണിക്കൂർ കൊണ്ട് ഹത്തയിലെത്താം. വളരെ കുറവ് ജനസംഖ്യയുള്ള പ്രദേശം. മലനിരകളുടെ ഗരിമയും കണ്ണിന് കുളിർ പകരുന്ന പച്ചപ്പും പക്ഷി ജന്തുജാലങ്ങളുടെ വൈവിധ്യവും നിറഞ്ഞ പ്രകൃതിസുന്ദരമായ ഒരു സ്ഥലം.

പെരുന്നാളിന്റെ അന്ന് കാലത്ത് 11 മണിയ്ക്ക് ഞങ്ങൾ യാത്ര പുറപ്പെട്ടു. പ്രശാന്തേട്ടൻ, പ്രശാന്തേട്ടന്റെ ഭാര്യ ജിജില, അവരുടെ മക്കൾ പ്രഥമ, പ്രതുൽ, ജിജിലേച്ചിയുടെ അച്ഛൻ രാജൻ, അമ്മ ജയ, ജിജിലേച്ചിയുടെ അനിയൻ ജിത്തു, പ്രശാന്തേട്ടന്റെ അനിയൻ പ്രണവ് പിന്നെ സജേഷേട്ടന്റെ ഫാമിലിയിൽ സജേഷേട്ടൻ, ഭാര്യ അനിത, അവരുടെ മക്കൾ ആദിദേവ്, ശ്രിയാൻ. പോകുമ്പോൾ ആവശ്യം വരുന്ന വെള്ളവും ഭക്ഷണ സാധനങ്ങളും മറ്റെല്ലാം ഞങ്ങൾ കരുതിയിരുന്നു.

പെരുന്നാളിന്റെ തിരക്കുകൾ റോഡുകളിൽ പ്രകടമായിരുന്നു. ഈദ് അവധി ആഘോഷിക്കാൻ മലയാളികൾ ഉൾപ്പടെ നിരവധി പേരാണ് ഹത്തയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നത്. ഒരു റിലാക്സ് ആഗ്രഹിക്കുന്നവർക്ക് ഹത്ത നല്ല ഓപ്ഷനാണ്. കന്നുകാലികളെ വളർത്തി ജീവിക്കുന്നവരും അവരുടെ കൃഷിയിടങ്ങളുമെല്ലാം നമ്മെ വേറെ ഒരു ലോകത്തേയ്ക്ക് കൊണ്ടു പോകും. ഹത്ത ഡാം ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്.

ആ ദിവസങ്ങളിലായി ഒമാൻ ഭാഗങ്ങളിൽ കനത്ത മഴ പെയ്തിരുന്നെങ്കിലും ഞങ്ങൾക്ക് പ്രതീക്ഷിച്ച ഒരു മഴ കിട്ടിയില്ല. പോകുന്ന വഴിയ്ക്ക് ഭക്ഷണമൊക്കെ കഴിച്ച് അധികം ബുദ്ധിമുട്ടൊന്നുമില്ലാതെ ഒരു രണ്ടു മണിയാവുമ്പോഴേക്കും ഞങ്ങൾക്ക് അവിടെ എത്താനായി.

അവിടെ എത്തിയ ശേഷം ആദ്യം ഞങ്ങൾ ഫാം മൊത്തത്തിൽ സന്ദർശിച്ചു. മനസ്സില്‍ ഒരു തണുത്ത കാറ്റിന്‍റെ കുളിര്‍മ പോലെ.. നിറയെ പനകൾ ഈന്തപഴങ്ങളാൽ നിറഞ്ഞു നിൽക്കുന്നു. അതിനിടയിൽ ചെറുനാരങ്ങ, അനാർ, പേരയ്ക്ക തുടങ്ങിയവയും. കുട്ടികൾക്ക് കളിക്കുന്നതിനുള്ള എല്ലാ വിധ സാധനങ്ങളും അവിടെയുണ്ടായിരുന്നു. അവിടെ ഫാമിലെ നടത്തിപ്പുകാരി ആലിഷ എന്ന ഒരു നേപ്പാളുകാരിയായിരുന്നു. മലയാളികളെക്കുറിച്ചുള്ള അവരുടെ അഭിപ്രായം കേട്ടപ്പോൾ വളരെയധികം അഭിമാനം തോന്നി.

ഇരുട്ടാവുന്നത് വരെ ഫാം സന്ദർശനവും സ്വിമ്മിങ് പൂളിലുമൊക്കെയായി ഞങ്ങൾ ചിലവഴിച്ചു. അതിനു ശേഷം ബാർബിക്യു് ഉണ്ടാക്കലും കളിയും ചിരിയുമൊക്കെയായി രാത്രി ഒരു രണ്ടു മണി വരെ ഞങ്ങൾ കഴിച്ചു കൂട്ടി. അറബികളുടെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന റൂമുകൾ പല വർണ്ണത്തിലുള്ള ലൈറ്റുകളാൽ ആലങ്കാരികമായിരുന്നു. പിറ്റേ ദിവസം കാലത്തു 11 വരെയായിരുന്നു ഞങ്ങളുടെ സമയം. നേരത്തെ എഴുന്നേറ്റ് സ്വിമ്മിങ് പൂളിൽ കിടക്കാൻ തന്നെയായിരുന്നു എല്ലാവർക്കും താല്പര്യം. വിചാരിച്ച പോലെ ഒന്ന് – രണ്ട് മണിക്കൂർ പൂളിൽ ചിലവഴിച്ചു. ഈത്തപ്പഴവും മറ്റും പൊട്ടിക്കാനുള്ള അനുവാദം തന്നതുകൊണ്ട് കുറച്ചു പഴങ്ങളും ഞങ്ങൾ കൈക്കലാക്കി. 11 വരെയായിരുന്നു സമയമെങ്കിലും ഒരു 12 മണിയോടു കൂടിയാണ് ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചത്.

ദുബായുടെ വിനോദസഞ്ചാര മേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നുകൊണ്ട് ഹത്ത വളരുകയാണ്. യു.എ.ഇ.യുടെ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കിയാണ് ഇവുടത്തെ ഭരണാധികാരികൾ പല പദ്ധതികളും നടപ്പാക്കുന്നത്. ഇനിയും ഒട്ടേറെ പദ്ധതികൾ ഹത്തയിൽ വരുന്നുണ്ടെന്ന് കേൾക്കുന്നത് നമുക്കേവർക്കും ഒരു പ്രതീക്ഷയുണ്ടാക്കുന്ന കാര്യമാണ്.

ഹത്തയിൽ നല്ല റെസ്റ്റോറന്റുകളുടെ അഭാവം നന്നായി ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ ഒരു നല്ല റെസ്റ്റോറന്റ് അന്വേഷിച്ചെത്തിയത് അവസാനം ഖോർഫക്കാനിലാണ്. പോകുന്ന വഴിയിൽ ബീച്ചിന്റെ സൗന്ദര്യം നല്ല പോലെ ആസ്വദിക്കാം. പ്രണവിന്റെ നിർദേശപ്രകാരം പോയതാണ് ” ആദാമിന്റെ ചായക്കട”യിൽ. അവിടെയാണെങ്കിലോ സ്ഥല പരിമിതിയും തിരക്കും മൂലം മറ്റൊരു റെസ്റ്റോറന്റിലേയ്ക്ക് പോകേണ്ടി വന്നു.

സജേഷേട്ടന്റെ നിർബന്ധം മൂലം ഒമാന്റെ പ്രദേശമായ മദയിലേക്കായിരുന്നു അടുത്ത യാത്ര. ഓമനാണ് പോകാൻ പാസ്പോർട്ട് വേണമെന്നൊക്കെ വിചാരിച്ച് പലരും ഒഴിവാക്കുന്ന സ്ഥലം. മരങ്ങളും വാഴയും മറ്റു ചെടികളുമൊക്കെയായി നമ്മുടെ നാട് പോലെ തോന്നുന്ന ഒരിടം. നടക്കുന്നതിനിടയിൽ അപ്പുറത്തും ഇപ്പറത്തുമായി ചെറുനാരങ്ങ ചെടികൾ നിൽക്കുന്നുണ്ട്. പ്രശ്നമൊന്നുമിണ്ടാവില്ലെന്നു കരുതി കുറച്ചു നാരങ്ങ പൊട്ടിക്കാനായി ഞാൻ പറമ്പിലേക്ക് ഇറങ്ങി. പോകുമ്പോൾ അപ്പുവും കൂടെ കൂടി. നാലഞ്ചു നാരങ്ങ കീശയിലാക്കുമ്പോളേക്കും ദാ വരുന്നു തോട്ടം നടത്തിപ്പുകാരൻ. കണ്ട ഉടനെ ഒരു ചോദ്യം “തും ക്യോമ് ഇഥർ ആയാ”? ആളുടെ മുഖഭാവം മാറിയതും പിന്നെ ഞാൻ കൂടുതലൊന്നും പറഞ്ഞു മനസ്സിലാക്കാൻ നിന്നില്ല. അവിടെ നിന്ന് വേഗം അപ്പൂനേം കൂട്ടി സ്ഥലം വിട്ടു.

എന്തായാലും കയ്യിലുള്ള നാരങ്ങ വെറുതെയായില്ല. കിട്ടിയ നാരങ്ങയുമായി ഞങ്ങൾ നാരങ്ങാവെള്ളമുണ്ടാക്കി. അപ്പോളാണ് മനസ്സിലായത് മധുരമുള്ള ചെറുനാരങ്ങായായിരുന്നു അതെന്ന്. എന്തായാലും സംഭവം ഉഷാറായി. മലയിടുക്കുകളിലൂടെയുള്ള യാത്ര വളരെ ആനന്ദകരമായിരുന്നു. എല്ലാവരും നല്ലപോലെ ആസ്വദിച്ചു. കുറച്ചു സമയം ചിലവഴിച്ച ശേഷം ഇനിയും അടുത്ത ലീവിനു വരാമെന്ന പ്രതീക്ഷയോടെ ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here