വാഷിങ്ടന്‍: കൊറോണയെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ക്കും രാഷ്ട്രീയ നടപടികള്‍ക്കും എതിരെ വിദഗ്ധർ ഉൾപ്പെടെ വിമർശനങ്ങളുമായി വരുന്നത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അസ്വസ്ഥനാക്കുന്നു. കാര്യങ്ങള്‍ വിശദീകരിക്കാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പലവട്ടം ട്രംപ് കോപാകുലനായി. സര്‍ക്കാര്‍ നടപടികളുടെ അപര്യാപ്തതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കാന്‍ പോലും തയാറായതുമില്ല.

രാജ്യമെമ്പാടും ആശുപത്രികളില്‍ അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നുവെന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ട്രംപിന്റെ മറുപടി. രാഷ്ട്രീയവും ശാസ്ത്രവും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ അമേരിക്കയിൽ. കോവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമാണെന്ന് യാതൊരു തെളിവുകളുമില്ലാതെ ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ രാജ്യത്തെ മുതിര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധൻ ഡോ. ആന്റണി ഫൗസിയുടെ വായ് മൂടികെട്ടുകയാണ് ട്രംപ് ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ചെയ്തത്.

ആയിരങ്ങള്‍ മരിക്കുമ്പോള്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി കാത്തുനില്‍ക്കാന്‍ കഴിയില്ലെന്നാണു ട്രംപ് പറഞ്ഞത്. കോവിഡ് വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതിനൊപ്പം രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ശിഥിലമാകുന്നതും ട്രംപിെന ചൊടിപ്പിച്ചിട്ടുണ്ട്. കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്കയില്‍ കൊറോണ പടര്‍ന്നുപിടിച്ച് പതിനായിരങ്ങള്‍ മരിക്കുമെന്നും സാമ്പത്തികനില താളം തെറ്റുമെന്നും ജനുവരിയില്‍ തന്നെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റര്‍ നവാരോ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ ഇത് അവഗണിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here